കമല സുരയ്യയുടെ ജീവിതം ആസ്പമദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. നടി വിദ്യാ ബാലന്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നു പിന്മാറിയതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. വിദ്യ പിന്മാറിയ സാഹചര്യത്തില്‍ ആമിയായി പല നടിമാരുടെ പേരും പറഞ്ഞു കേട്ടിരുന്നു. ബോളിവുഡ് നടി തബു, പാര്‍വതി, പാര്‍വതി ജയറാം തുടങ്ങിയവരിലാരെങ്കിലും ആമിയായെത്തും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താനിതുവരെ തന്‍റെ ആമിയെ കണ്ടെത്തിയിട്ടില്ല എന്ന് കമല്‍ പറയുന്നു.
ശ്രീവിദ്യയെ കമല സുരയ്യ ആക്കണമെന്നായിരുന്നു കമലിന്‍റെ ആഗ്രഹം. അത് സാധിക്കാത്തത് കൊണ്ട് വിദ്യാ ബാലനെ നായികയാക്കി കമല്‍ തിരക്കഥ പൂര്‍ത്തിയാക്കി. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ വിദ്യ ചിത്രത്തില്‍ നിന്നു പിന്മാറി. വിദ്യ പിന്മാറിയാലും സിനിമയുമായി താന്‍ മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം തബു ആമിയായി ചിത്രത്തിലെത്തുന്നു എന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും, ഇങ്ങനെയൊരു ആവശ്യവുമായി താന്‍ തബുവിനെ സമീപിച്ചിട്ടില്ല എന്നും കമല്‍ വ്യക്തമാക്കി. പിന്നീട് എന്ന് നിന്‍റെ മൊയ്ദീനിലെ പാര്‍വതി വരും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പാര്‍വതിയുടെ ചെറുപ്പം കണിക്കിലെടുത്തപ്പോള്‍ ഈ വേഷം യോജിക്കില്ലെന്ന് മനസിലായതോടെ അതും അണിയറക്കാര്‍ വേണ്ടെന്നു വച്ചു.
ഒടുവില്‍ കേട്ടത് പാര്‍വ്വതി ജയറാമിന്‍റെ പേരാണ്. ജയറാമിന്‍റെ പൂര്‍ണ പിന്തുണയോടെ പാര്‍വതി സിനിമയിലേക്ക് മടങ്ങിവരുന്നുവെന്നും ആമിയായി വേഷമിട്ടു കൊണ്ടു ശക്തമായി തിരിച്ചുവരുന്നു തുടങ്ങിയവാര്‍ത്തയാണ് പ്രചരിച്ചത്. എന്നാല്‍ താനിതുവരെ തന്‍റെ ആമിയെ കണ്ടെത്തിയിട്ടില്ലാന്നാണ് കമല്‍ പറയുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഈ ചിത്രം പൂര്‍ത്തിയാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേരുന്ന കഥാപാത്രം ലഭിക്കുന്നത് വരെ ഞാന്‍ ക്ഷമയോടെ കാത്തിരിക്കും കമല്‍ പറയുന്നു.