നിയാസ് മുസ്തഫ
കോട്ടയം: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് സംവിധായകൻ കമൽ. മത്സരിക്കാൻ എനിക്കു താല്പര്യമില്ല. ഇത്തരമൊരു വാർത്ത പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. മലപ്പുറത്ത് മത്സരിക്കണമെന്നു എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പുതിയ സിനിമയായ ആമിയുടെ തിരക്കിലാണ് ഞാനിപ്പോൾ.- കമൽ രാഷ്ട്രദീപികയോട് പറഞ്ഞു.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സംവിധായകൻ കമലിനെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമലിന്റെ പ്രതികരണം.
അതേസമയം, മലപ്പുറം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി. കെ കുഞ്ഞാലിക്കുട്ടി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശക്തനായ ഒരാളെ മലപ്പുറത്ത് സ്ഥാനാർഥിയാക്കണമെന്ന ചിന്തയിലാണ് എൽഡിഎഫ് നേതൃത്വം. 2014ൽ ഇ അഹമ്മദ് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് മലപ്പുറം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎമ്മിലെ പി.കെ സൈനബയെയാണ് ഇ. അഹമ്മദ് തോൽപ്പിച്ചത്.
ഇ. അഹമ്മദ് അന്തരിച്ച ഒഴിവിലേക്ക് ഒരു മത്സരം നടക്കു ന്പോൾ മണ്ഡലത്തിൽ ജയിച്ചുകയറുക ശ്രമകരമാണെന്ന് എൽഡിഎഫ് നേതൃത്വത്തിന് അറിയാം. മലപ്പുറം ലോക്സഭാ മണ്ഡലം മഞ്ചേരി ലോക്സഭാ മണ്ഡലമായി അറിയപ്പെട്ടിരുന്നപ്പോൾ സിപിഎമ്മിലെ ടി.കെ. ഹംസ മുസ്ലിം ലീഗിലെ കെപിഎ മജീദിനെ പരാജയപ്പെടുത്തി ലീഗിന്റെ കുത്തക സീറ്റ് പിടിച്ചെടുത്തിരുന്നു. ഇതു മാത്രമാണ് എൽഡിഎഫിനു മുന്നിലുള്ള പ്രതീക്ഷ.
അന്നത്തെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ പിന്തുണ നേടിയെടുക്കാനായെങ്കിൽ മണ്ഡലത്തിൽ ജയിച്ചുകയറാനാവുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്്. എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുടെ നിലപാടുകളും നിർണായകമാണ്.
അതേസമയം, ഇ. അഹമ്മദ് അന്തരിച്ച ഒഴിവിലുള്ള മത്സരമാകുന്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന സഹതാപ തരംഗത്തെ മറികടക്കാൻ സിപിഎമ്മിനു കഴിയുമോയെന്നതും ചർച്ചാവിഷയമാണ്. മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലും ലീഗ് സ്ഥാനാർഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നതും ഓർക്കണം. എന്നിരുന്നാലും ടി.കെ ഹംസയെപ്പോലെ ജനകീയനായൊരാൾ മത്സരരംഗത്തുവന്നാൽ കടുത്ത മത്സരം നടക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുമുണ്ട്.