അഭ്രപാളിയില്‍ നാം കാണുന്ന താരങ്ങള്‍ കാമറയ്ക്ക് പിന്നില്‍ എപ്രകാരമായിരിക്കും എന്നതിനെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും വലിയ താത്പര്യമാണ്. അവര്‍ എങ്ങനെയായിരിക്കും അഭിനയിക്കുന്നത്, അവര്‍ എങ്ങനെയായിരിക്കും സഹപ്രവര്‍ത്തകരോട് പെരുമാറുന്നത്, അവര്‍ എങ്ങനെയായിരക്കും സെറ്റില്‍ പെരുമാറുന്നത് തുടങ്ങിയ സംശയങ്ങള്‍ സ്വാഭാവികമായി എല്ലാവര്‍ക്കുമുണ്ടാകാനിടയുള്ളതാണ്. അതേസമയം, സിനിമാതാരങ്ങളെക്കുറിച്ചുള്ള പല സത്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈയവസരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.
ഈയവസരത്തില്‍ താരങ്ങളെ കുറിച്ച്, ഒരു അഭിമുഖത്തിനിടയില്‍, സംവിധായകന്‍ കമല്‍ പറഞ്ഞ മറുപടി വീണ്ടും ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സംവിധായകനോട് അച്ചടക്കമുള്ള താരം ആരാണെന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പുലര്‍ച്ചെ നാലു മണിക്ക് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തുമായിരുന്നു. കൊടൈക്കനാലില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിലെ കുട്ടികളെ കൊണ്ടുപോവാനും അഭിനയിപ്പിക്കാനുമൊക്കെ മോഹന്‍ലാല്‍ സഹായിക്കുമായിരുന്നു. ലൊക്കേഷനില്‍ ആദ്യമെത്തിയിരുന്നതും അദ്ദേഹമായിരുന്നു’.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ജയറാമിന്റെ കൃത്യതയെക്കുറിച്ചാണ് കമല്‍ പിന്നീട് പറഞ്ഞത്. ജയറാമിന് വല്ലപ്പോഴുമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രാവിലെ മുതല്‍ ജയറാം ലൊക്കേഷനില്‍ കാണും. മമ്മൂട്ടി എന്ന താരത്തെക്കുറിച്ച് മറ്റ് സംവിധായകര്‍ ഉന്നയിച്ചിരുന്ന യാതൊരു പരാതിയും തനിക്കില്ലെന്ന് കമല്‍ തറപ്പിച്ചു പറഞ്ഞു. ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നവും സെറ്റില്‍ മമ്മുക്ക ഉണ്ടാക്കിയിട്ടില്ല. എല്ലാ സിനിമകളിലും കൃത്യസമയത്ത് തന്നെ അദ്ദേഹം എത്തിയിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ദിലീപ് എല്ലാ സെറ്റിലും വൈകി വരുന്നയാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു ദിവസം വൈകി വന്നപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായി എത്താന്‍ തുടങ്ങിയെന്നും കമല്‍ പറഞ്ഞു. തന്ത്രപരമായി ആരെയും പിണക്കാത്ത തരത്തിലുള്ള ഉത്തരമാണല്ലോ ഇതെന്ന ചോദ്യത്തിന് ആരും തന്നെ തനിക്ക് പ്രശ്‌നക്കാരായി തോന്നിയിട്ടില്ലെന്നും നാം അവരോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയായിരിക്കും അവര്‍ നമ്മോട് പെരുമാറുന്നതെന്നും കമല്‍ പറഞ്ഞു.