കൊച്ചി പഴയ കൊച്ചി തന്നെയാണ്! ബിഗ് ബിയിലെ ഡയലോഗിലൂടെ തെറ്റായ സന്ദേശമാണ് പുതിയ തലമുറയ്ക്ക് നല്‍കപ്പെടുന്നത്; സംംവിധായകന്‍ കമലിന്റെ പ്രസ്താവന വിവാദമാകുന്നു

സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നടനെന്ന നിലയില്‍ നടന്‍ മമ്മൂട്ടി കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോഴും സിനിമയിലെ സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്ന നടി പാര്‍വതിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പാര്‍വതിയുടെ കുറ്റപ്പെടുത്തല്‍.

ആ വിവാദം അവസാനിച്ചു വരുന്നതിനിടെ ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ബിഗ് ബിയെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരിക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബിഗ്ബിക്കെതിരെയാണ് കമലിന്റെ പ്രതിഷേധം. സിനിമയില്‍ കൊച്ചിയേക്കുറിച്ച് പറയുന്ന സംഭാഷണം തെറ്റിദ്ധാരണ ജനകമാണെന്നാണ് കമലിന്റെ അഭിപ്രായം.

കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ സിനിമയില്‍ പറയുന്നത്. എന്നാല്‍ ഈ ഡയലോഗിലൂടെ വളരെ തെറ്റായൊരു സന്ദേശമാണ് പുതിയ തലമുറയ്ക്ക് നല്‍കപ്പെടുന്നത്.

പക്ഷേ പലരും മനസിലാക്കാത്ത ഒരു കാര്യം കൊച്ചി പഴയ കൊച്ചി തന്നെയാണെന്നതാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം ഞാന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ മട്ടാഞ്ചേരിക്കാര്‍ എന്നോട് പൂര്‍ണ്ണമായും സഹകരിച്ചു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ പറഞ്ഞത്, ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമയാണ് ഗ്രാമഫോണ്‍ എന്നാണ്.

അത് ആ സിനിമയുടെ മഹത്വം കൊണ്ടല്ല. ആ സിനിമയില്‍ മാത്രമാണ് ക്വട്ടേഷന്‍ സംഘത്തെ കാണാത്തൊരു മട്ടാഞ്ചേരിയുള്ളത് എന്നായിരുന്നു കമല്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഇസ്ലാമിക് ഹെറിട്ടേജ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് കമല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

Related posts