അടുത്തിടെ സിനിമാലോകത്ത് വിവാദമായ ഒന്നായിരുന്നു, സംവിധായകന് കമല്‍ വിദ്യാ ബാലനെക്കുറിച്ച് പറഞ്ഞു എന്ന് രീതിയില്‍ പ്രചരിച്ചത്. മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നത് വിദ്യാ ബാലനായിരുന്നെങ്കില്‍ അതില്‍ ലൈംഗികത കടന്നുവരുമെന്ന് കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ കമല്‍.
എന്റെ അഭിമുഖ സംഭാഷണം തെറ്റിദ്ധരിക്കപ്പെട്ടതാണ്. പറഞ്ഞ കാര്യം എഴുതിയപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ മറ്റൊരു അര്‍ഥത്തിലേക്കു മാറിയതാണ്. സംസാരത്തിനിടെ രണ്ടു സന്ദര്‍ഭങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചു വന്നപ്പോള്‍ അതിന്റെ അര്‍ഥം മാറി. ലൈംഗികതയെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ സങ്കല്പങ്ങളും തുറന്നു പറച്ചിലുകളുമില്ലാത്ത ഒരു സിനിമ അപൂര്‍ണമാണ്.
അങ്ങനെ സംസാരിച്ചു വന്നപ്പോള്‍ ശരീരപ്രദര്‍ശനം സംബന്ധിച്ച ചോദ്യത്തിലേക്കെത്തി. വിദ്യാ ബാലന് ആയിരുന്നു കഥാപാത്രമെങ്കില്‍ അത്തരത്തിലുള്ള ചിത്രീകരണം സാധ്യമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. അതാണു വിവാദങ്ങള്‍ക്കു വഴിവച്ചത്. ‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നുവെങ്കില്‍ ലൈംഗിക സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണു ഞാന്‍ മറുപടി പറഞ്ഞത്.
വിദ്യയുടെ അത്തരത്തിലുള്ള പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. വിദ്യാ ബാലനാണു നായികയായിരുന്നതെങ്കില്‍ എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയേനെ. എന്നാല്‍ മഞ്ജു വാരിയര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ഒരു പരിമിതി എനിക്കുണ്ടായിരുന്നു. ഈ വിമര്‍ശനത്തെ ഞാന്‍ സ്പോര്‍ട്ടീവ് സ്പിരിറ്റിലേ എടുക്കുന്നുള്ളൂ.പോസ്റ്റര്‍ പോലും പുറത്തു വന്നിട്ടില്ലാത്ത സിനിമയെക്കുറിച്ചു വിവാദമുണ്ടാക്കുന്നത് എന്തിനാണ്? കമല്‍ ചോദിക്കുന്നു. ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല ‘എന്റെ കഥ’ എഴുതിയ മാധവിക്കുട്ടിയാണു തന്റെ സിനിമയായ ആമിയിലെ നായികയെന്നും കമല്‍ പറഞ്ഞു.
അതേസമയം ആമിയില്‍ നിന്ന് വിദ്യാ ബാലന് പിന്മാറാനുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു. ഒറ്റപ്പാലത്തു വീട് സെറ്റിട്ടു. എറണാകുളത്ത് ഫ്ലാറ്റും. എല്ലാം റെഡിയായി ഷൂട്ടിംഗ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുന്‍പ് പ്രധാന കഥാപാത്രം പിന്മാറിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. എന്തുകൊണ്ടാണ് ആമിയില്‍ നിന്ന് പിന്മാറുന്നതെന്നുള്ള യഥാര്‍ഥ കാരണം വിദ്യ ഇനിയും എന്നോടു പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ കഥാപാത്രം ചെയ്യാനുള്ള മാനസികമായ തയാറെടുപ്പിലല്ല എന്നാണ് വിദ്യ എനിക്കയച്ച മെസേജ്.