കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പുതിയ മാനം പകര്‍ന്ന് സംവിധായകന്‍ കമല്‍ രംഗത്ത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെയും കമല്‍ വിമര്‍ശിച്ചു. നടിക്കെതിരായ അക്രമം നടന്നപ്പോള്‍ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജനവികാരം മാനിക്കേണ്ടിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് നേരത്തെ ദിലീപിന് വേണ്ടി സംസാരിച്ചതെന്നും കമല്‍ പറഞ്ഞു.
ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്കെതിരേയും കമല്‍ രംഗത്തെത്തി. ‘അമ്മ’യുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ നിലപാട് സൂപ്പര്‍ താരങ്ങള്‍ക്കും മാതൃകയാകണം. ഇരക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും.
സിപിഎം സഹയാത്രികനായ കമലിന്റെ പുതിയ നിലപാട് പാര്‍ട്ടിയിലും സിനിമമേഖലയിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്. സര്‍ക്കാകരിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ കമല്‍ പ്രസ്താവന നടത്തരുതായിരുന്നുവെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളത്. നടി അപമാനിക്കപ്പെട്ട സംഭവം എങ്ങനെയെങ്കിലും അവസാനിക്കണമെന്ന നിലപാടിലുള്ള സിനിമതാരങ്ങളും കമലിന്റെ പ്രതികരണത്തില്‍ അസംന്തുഷ്ടരാണ്.