ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാൻ തയാറെടുക്കുന്ന സ്റ്റൈൽമന്നൻ രജനീകാന്തിന്റെയും തന്റെയും വഴി വേറിട്ടതാണെന്ന് നടൻ കമൽഹാസൻ. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തിടുക്കത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നു വ്യക്തമാക്കിയ കമൽ പാർട്ടി രൂപീകരിക്കുന്നതിനു മുന്പ് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും കൂട്ടിച്ചേർത്തു.
ഞങ്ങൾക്കു ഞങ്ങളുടേതായ വഴികളുണ്ട്. രജനി മറ്റൊരു പാതയിലാണ്. രജനിയും കമലും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കുന്നതുതന്നെ വളരെ മോശമാണ്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തയാറെടുക്കുന്ന വിവരം ഒരു സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിനെയും അറിയിച്ചിരുന്നു. അത് എല്ലായ്പോഴും ചെയ്യാറുള്ളതാണ്- കമൽ പറഞ്ഞു. രജനീകാന്തിന്റെ ശരിയായ പങ്കാളിയെയാണ് അദ്ദേഹം ബിജെപിയിൽ കണ്ടിട്ടുള്ളതെന്നും യുക്തിവാദിയായ താൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റല്ലെന്നും കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഇതേവരെ അച്ഛേദിൻ സംഭവിച്ചിട്ടില്ല. ഡിഎംകെയും എഡിഎംകെയും നടത്തിയ കൊള്ളകൾക്കു തമിഴ്നാട് സാക്ഷിയാണ്. തന്റെ പോരാട്ടം അഴിമതിക്കെതിരേയാണെന്നും കമൽ അഭിമുഖത്തിൽ വ്യക്തമാക്കി.