കനിമൊഴി എം.പി.യുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര് ഷര്മിള ഇനി പുതിയ കാറിന്രെ ഉടമ.
നടനും മക്കള് നീതി മയ്യം നേതാവുമായ കമല്ഹാസനാണ് കോയമ്പത്തൂരില് താമസിക്കുന്ന ഷര്മിളയ്ക്ക് പുതിയ കാര് സമ്മാനമായി നല്കുന്നത്.
ചെന്നൈയിലേക്ക് ഷര്മിളയെ വിളിച്ചുവരുത്തിയ കമല് കാര് ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷര്മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്ണൂര് സ്വദേശിനി ഹിമയുടെയും മകളാണ്.
ഷര്മിള ഓടിച്ചിരുന്ന ബസില് കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടര് അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാന് ആവശ്യപ്പെട്ടു.
കനിമൊഴിയില്നിന്ന് പണം വാങ്ങുന്നത് ഷര്മിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല.
കനിമൊഴി ബസില്നിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെപേരില് ഷര്മിളയും അന്നത്തായിയുമായി തര്ക്കമുണ്ടാകുകയും ജോലി പാതിവഴിയില് നിര്ത്തി ഷര്മിള ബസില്നിന്നിറങ്ങിപ്പോകുകയും ചെയ്തു.
സംഭവത്തിന്റെ പേരില് തന്നെ ജോലിയില്നിന്ന് നീക്കിയെന്ന് ഷര്മിള പിന്നീട് വെളിപ്പെടുത്തി. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേര് ഷര്മിളയ്ക്ക് പിന്തുണയുമായെത്തി.
വേറെ ജോലി നേടാന് നടപടിയെടുക്കാമെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് കമല്ഹാസന് ടാക്സി സര്വീസ് ആരംഭിക്കാന് ഷര്മിളയ്ക്ക് കാര് സമ്മാനിക്കാന് തീരുമാനിച്ചത്. കമലിന്റെ സന്നദ്ധസംഘടനയായ കമല് കള്ച്ചറല് സെന്റര് മുഖേനയാണ് കാര് നല്കുന്നത്.