സ്‌റ്റൈല്‍ മന്നനു പിന്നാലെ ഉലകനായകനും പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പാര്‍ട്ടി രൂപീകരണത്തില്‍ കമലിനൊപ്പം തമിഴിലെ മറ്റൊരു പ്രമുഖ നടനും ഉണ്ടെന്ന് സൂചന

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനു പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി സൂചന. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിനു മുന്നോടിയായാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കമല്‍ ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ തമിഴ്‌നാട്ടുകാര്‍ക്കൊപ്പം മലയാളികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

തമിഴ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറേനാളായി നടക്കുന്ന കുതിരക്കച്ചവടത്തില്‍ മനം മടുത്താണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത് എന്നാണ് വിലയിരുത്തലുകള്‍. അദ്ദേഹം എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കമലിന്റെ ഉദ്ദേശ്യം. ഫാന്‍സിനെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രഖ്യാപനമെങ്കിലും നേതൃത്വത്തെക്കുറിച്ച് ധാരണയായിട്ടില്ല. എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബലപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നത്.

തമിഴ്‌നാട്ടിലെ പ്രബല പാര്‍ട്ടികളില്‍ വിഭാഗീയതയും ചേരിപ്പോരും നിലനില്‍ക്കുന്നത് മുതലെടുക്കാമെന്നാണ് കമലിന്റെ കണക്കുകൂട്ടല്‍.അഴിമതിക്കെതിരെയുള്ള കമല്‍ ഹാസന്റെ പോരാട്ടത്തിന് ലഭിക്കുന്ന ജനപിന്തുണ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ശുഭ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുന്നതിനായി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു സെപ്റ്റംബര്‍ ഒന്നിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കേവലമൊരു രാഷ്ട്രീയപാര്‍ട്ടിക്കല്ല താന്‍ രൂപം നല്‍കുന്നതെന്നും ജനങ്ങളെ രാഷ്ട്രീയത്തില്‍ പങ്കെടുപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും കമല്‍ മുമ്പു വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രമുഖ നടനും പാര്‍ട്ടി രൂപീകരണത്തില്‍ കമലിന്റെയൊപ്പമുണ്ടെന്നാണ് സൂചന.

 

 

Related posts