ചെന്നൈ: “ഒരു രാജ്യം, ഒരു ഭാഷ’ എന്ന വാദമുയർത്തി രാജ്യത്തു ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ രംഗത്ത്. നാനാത്വത്തിൽ ഏകത്വമെന്നത് ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നല്കിയ വാഗ്ദാനമാണെന്നും ഒരു ഷായ്ക്കോ, സുൽത്താനോ സമ്രാട്ടിനോ ഈ വാഗ്ദാനം ലംഘിക്കാനാവില്ലെന്നും കമൽഹാസൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
നാം എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു. എന്നാൽ നമ്മുടെ മാതൃഭാഷ എക്കാലവും തമിഴ് ആയിരിക്കും. ജെല്ലിക്കെട്ടിനായി 2017ൽ നടത്തിയത് വെറും സമരമായിരുന്നു. എന്നാൽ ഭാഷയ്ക്കുവേണ്ടിയുള്ള ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വലുതായിരിക്കും. ഇന്ത്യക്കോ തമിഴ്നാടിനോ അങ്ങനെയൊരു ഏറ്റുമുട്ടൽ ആവശ്യമില്ല.
ഇന്ത്യയുടെ ദേശീയഗാനം ബംഗാളിയിലുള്ളതാണ്. ബംഗാളി ഭൂരിപക്ഷം പൗരന്മാരുടെയും മാതൃഭാഷയല്ല. അഭിമാനത്തോടെയാണു നാം ദേശീയഗാനം ആലപിക്കുന്നത്. അതു തുടരുകയും ചെയ്യും. ദേശീയഗാനം എഴുതിയ രവീന്ദ്രനാഥ ടാഗോർ എല്ലാ ഭാഷകൾക്കും സംസ്കാരങ്ങൾക്കും ബഹുമാനം നല്കി. അതുകൊണ്ടാണ് അത് നമ്മുടെ ദേശീയഗാനമായത് -കമൽ ഹാസൻ പറഞ്ഞു.