ചെന്നൈ: തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പർതാരം കമൽഹാസൻ. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ, തമിഴ്നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയാറെടുക്കുകയാണ് എന്നാണു കമൽഹാസന്റെ ട്വീറ്റ്.
ആകെ 99 അംഗ കൗണ്‍സിലിൽ 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ട് അസാധുവായി. എൻഡിഎയിലെ സിമി ജ്യോതിഷിനു മുപ്പത്തി അഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട് ലഭിച്ചു. ക്വാറനന്ൈറനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.
ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇനി തിരുവനന്തപുരം കോർപറേഷനു സ്വന്തമായി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന ആര്യ, തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലെ രണ്ടാം വർഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
മുടവൻമുഗൾ കേശവദേവ് റോഡിലെ രമാലയം എന്ന വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്. ഇലക്ട്രീഷ്യനായ കെ.എം. രാജേന്ദ്രനാണ് അച്ഛൻ. അമ്മ കെ.എം. ശ്രീലത എൽഐസി ഏജന്റാണ്. ജ്യേഷ്ഠ സഹോദരൻ അരവിന്ദ് എൻജിനിയറിംഗ് പഠനത്തിനുശേഷം അബുദാബിയിൽ ജോലി ചെയ്യുന്നു.