തൊടുപുഴ: വെള്ളത്തിനുമുകളിൽ അൻപതടി വലുപ്പത്തിൽ ഉലകനായകൻ കമലഹാസന്റെ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്.
മൂന്നാർ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലുമാണ് ചിത്രം നിർമിച്ചത്.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിന്റെ 85-ാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണ് ഫോം ഷീറ്റിൽ തീർത്തത്.
കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള 2500 എ ഫോർ ഷീറ്റുകളാണ് കമലഹാസന്റെ ചിത്രം തീർക്കാനായി ഉപയോഗിച്ചത്.
കണ്ടന്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം ഒരുക്കിയത്.
തറയിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടിലും ഇൻഡോർ സ്റ്റേഡിയം ഫ്ളോറിലും വലിയ ചിത്രങ്ങൾ നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂൾ കാൻവാസ് ആക്കുന്നത് ആദ്യമായാണെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി. ജിജോയും ലിജോയുമാണ് ചിത്രങ്ങൾ കാമറയിൽ പകർത്തിയത്.
സിസിഒകെ ചെയർമാൻ എൻ.സി. റോബിൻസ്, വൈബ് റിസോർട്ട് ജി.എം വിമൽ റോയ്, എജിഎം ബേസിൽ എന്നിവരുടെ സഹകരണത്തോടെയാണ് മൂന്നാറിൽ സുരേഷിന്റെ മീഡിയം പിറന്നത്.