ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ നാവരിയണമെന്ന് തമിഴ്നാട് മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ ഹിന്ദു ഭീകരവാദിയായിരുന്നെന്ന കമലിന്റെ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം. മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്ന് അയാൾ പറഞ്ഞു. അയാളുടെ ആ നാവരിയണം. തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല- ബാലാജി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കവെയാണ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് കമൽഹാസൻ പറഞ്ഞത്.
ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ്. പേര് നാഥുറാം ഗോഡ്സെ- കമൽ പറഞ്ഞു. വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പതാകയിൽ മൂന്നു നിറങ്ങളും നിലനിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. താനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ലെന്നും കമൽഹാസൻ പറഞ്ഞു.