ചെന്നൈ: കൊട്ടിഘോഷിച്ച് രാഷ്ട്രീയപ്രവേശനം നടത്തിയിട്ടു തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാനാകാതെ കമൽഹാസന്റെ മക്കൾ നീതി മയ്യം. 22 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല.
എന്നാൽ ചില മണ്ഡലങ്ങളിൽ പാർട്ടിയുടെ വോട്ട് ശതമാനം രണ്ടക്കത്തിൽ എത്തി. ചെന്നൈ സെൻട്രൽ, സൗത്ത്, നോർത്ത്, കോയന്പത്തൂർ എന്നി മണ്ഡലങ്ങളിലാണ് പാർട്ടിയുടെ വോട്ട് ശതമാനം രണ്ടക്കം കണ്ടത്. മറ്റു മണ്ഡലങ്ങളിൽ ദുർബലമായിരുന്നു പാർട്ടിയുടെ സ്ഥിതി. ഇവിടങ്ങളിൽ എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശുപോയി.
നേരത്തെ, പ്രചാരണ സമയത്ത് കമൽഹാസന്റെ യോഗങ്ങളിൽ ആളുകൾ പോലും ഉണ്ടായിരുന്നില്ല. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച് നടൻ വിജയകാന്തിന്റെ പാർട്ടി അന്ന് 10 ശതമാനത്തിൽ അധികം വോട്ട് നേടിയിരുന്നു.
മധുരയിൽ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിനൊപ്പമാണ് കമലിന്റെ പാർട്ടിയുടെ വോട്ട് ഷെയർ. ഇവിടെ ഇരുപാർട്ടികൾക്കും എട്ടു ശതമാനം വോട്ട് ലഭിച്ചു. തിരുപ്പുർ, സേലം, പൊള്ളാച്ചി തുടങ്ങിയ നഗരമേഖലകളിൽ അഞ്ചു ശതമാനം മാത്രമാണ് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനു ലഭിച്ചത്.