കണ്ണൂർ: അവസാനത്തെ കലാകാരൻമാരുടെ ജീവൻ എടുക്കുന്നതുവരെ നാടിനുവേണ്ടി പോരാടുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ജില്ലാ ലൈബ്രറി അങ്കണത്തിൽ നടന്ന രാമചന്ദ്രബാബു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ച കലാകാരൻമാരുടെയും സിനിമാ പ്രവർത്തകരുടെയും മുകളിൽ ആർഎസ്എസ് കുതിര കയറിയാൽ പേടിച്ചു പിൻവാങ്ങില്ലെന്നും കമൽ പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണി നേരിടുമ്പോഴാണ് രാമചന്ദ്രബാബുവിനെ പോലുള്ളവരുടെ പ്രസക്തിയെന്നും കമൽ പറഞ്ഞു.
മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്, ലൈബ്രറി കൗൺസിൽ, ചലച്ചിത്ര അക്കാദമി മേഖലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സംവിധായകൻ ഷെരീഫ് ഈസ, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ റീജൺ കമ്മിറ്റി അംഗം സി. മോഹനൻ, പി.കെ. ബൈജു, എം. ബാലൻ എന്നിവർ പ്രസംഗിച്ചു.