മാധവിക്കുട്ടിയാകാന്‍ നടിമാരെത്തപ്പി നടന്ന് സംവിധായകന്‍ കമലിന്റെ രണ്ടു ജോഡി ചെരുപ്പെങ്കിലും തേഞ്ഞു തീര്‍ന്നിട്ടുണ്ടാകണം. മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രമാണ് നടിമാരുടെ രാഹിത്യംകൊണ്ട് നീണ്ടു പോകുന്നത്. ഈ വേഷത്തിലേക്ക് മലയാളിയായ ബോളിവുഡ് നടി വിദ്യാബാലനെയാണ് കമല്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ കമലിന്റെ മോദി വിരുദ്ധ നിലപാടുകളോട് വിദ്യ മുഖം തിരിച്ചപ്പോള്‍ അന്വേഷണം തബുവിലേക്കു നീണ്ടു. എന്നാല്‍ മോദിയും പ്രതിഫലവും വീണ്ടും വിഷയമായപ്പോള്‍ തബുവും കമലിനെ കയ്യൊഴിഞ്ഞു. സമീപകാലത്ത് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത യുവനടി പാര്‍വതിയെയാണ് അടുത്തതായി സമീപിച്ചത്. പാര്‍വതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും മാധവിക്കുട്ടിയുടെ വാര്‍ദ്ധക്യം അവതരിപ്പിക്കുന്നത് ജയറാമിന്റെ പാര്‍വതിയാകുമെന്ന് കമല്‍ പറഞ്ഞതോടെ ആ മോഹവും പൊലിഞ്ഞു.
എന്നിട്ടും നിരാശനാകാഞ്ഞ കമല്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന പല നടിമാരെയും ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അവരെല്ലാം കൈയ്യൊഴിഞ്ഞു. അവസാനം അന്വേഷണം മഞ്്ജു വാര്യരിലെത്തി നില്‍ക്കുകയാണ്. മഞ്ജു ഒാകെ പറഞ്ഞെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മധ്യവയസിലെ മാധവിക്കുട്ടിയായിട്ടാണ് മഞ്്ജു എത്തുന്നതെന്നാണ് സൂചന. കമലിന്റെ സംവിധാനത്തില്‍ മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഈ പുഴയും കടന്ന്്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നിവയാണ് ആദ്യ രണ്ടു ചിത്രങ്ങള്‍.