ചെന്നൈ: സൂപ്പർ താരം കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനം തുടങ്ങി. ബുധനാഴ്ച രാവിലെ രാമേശ്വരത്തെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വസതിയിൽനിന്നുമാണ് പര്യടനത്തിനു തുടക്കമായത്. ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടിൽനിന്നും യാത്ര തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
വൈകിട്ട് മധുരയിൽവച്ചായിരിക്കും പാർട്ടി പ്രഖ്യാപനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മധുരയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൂപ്പർതാരം രജനീകാന്തിനെയും ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെയും കമൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.