പത്തനാപുരം: അന്യന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അകക്കണ്ണുകൊണ്ട് മനസിലാക്കി പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ ഏവരും തയാറാകണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. പത്തനാപുരം ഗാന്ധിഭവനില്‍ ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആത്മീയ കാര്യങ്ങളിലേക്കു മാത്രമായി തിരിയണം. ആത്മീയത ഉള്ളിടത്താണ് നന്മയുള്ളത്. ആത്മീയത മറന്ന് മതങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ സ്പിരിച്വാലിറ്റി നഷ്ടമാകുന്നു. സ്പിരിച്വാലിറ്റി ഉള്ളിടത്ത് കുറ്റകൃത്യങ്ങള്‍ കുറയും. ജാതിചിന്തകള്‍ മാറണം.
മനുഷ്യന് ജാതിക്കെതിരായി ചിന്തിക്കാന്‍ കഴിയണം. എല്ലാ മതത്തിന്റേയും ആഘോഷങ്ങള്‍ എല്ലാ മതവിശ്വാസികളും ഒന്നിച്ചു പങ്കിടണം. മതനിരപേക്ഷത ഗാന്ധിഭവനില്‍ കാണാനാവുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, കസ്തൂരി കെമാല്‍ പാഷ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, വനിതാകമ്മീഷന് അംഗം ഷാഹിദാ കമാല്‍, ഫാ. തോമസ് കുര്യന്, എ.ജെ സുക്കാര്‍ണോ, പുനലൂര്‍ ബി. രാധാമണി, തടിക്കാട് സെയ്ദ് ഫൈസി, കെ. ധര്മ്മരാജന്, സന്തോഷ് കെ. തോമസ്, ജോസഫ് വര്‍ഗീസ്, എം. ഷേക് പരീത് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കൊല്ലം സബ് കളക്ടര്‍ ഇലക്കിയ, മാധവിക്കുട്ടി, സുശ്രീ, സദ്ദാം നവാസ് എന്നിവരെ ആദരിച്ചു.