ചാരുംമൂട് : ജാതിയ്ക്കും മതത്തിനും അതീതമായി എല്ലാവരും ഒന്നാണെന്ന ചിന്തയാണ് വിദ്യാർഥികളിൽ വളരേണ്ടതെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കമാൽ പാഷ. എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് നേടിയ വിദ്യാർഥകളെ അനുമോദിച്ചുകൊണ്ടുള്ള മെറിറ്റ് അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും തുല്യരാണെന്ന ചിന്ത സമൂഹത്തിൽ കൈവന്നാൽ ജാതീയമായ ചിന്താഗതി ഇല്ലാതാകും. ജാതിയും മതവും ചിന്തിച്ച് മുന്നോട്ട് പോയാൽ ജീവിതം തന്നെ മടുക്കും. പണം എത്ര വാരിക്കൂട്ടിയാലും മനസിൽ സ്നേഹമില്ലങ്കിൽ ജീവിതത്തിൽ സമാധാനം നഷ്ടപ്പെടും. മനുഷ്യരിൽ അധികാരക്കൊതി അമിതമാകുന്പോഴാണ് ജാതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് അടിമപ്പെടുന്നതെന്നും കമാൽ പാഷ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പാട്ടുപാടി താരമായ സ്കൂളിലെ പൂർവ വിദ്യാർഥി രാകേഷ് ഉണ്ണിയെ ചടങ്ങിൽ കമൽപാഷ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് പ്രഭ വി. മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഹെഡ്മിസ്ട്രസ് ആർ. സജിനി, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം വിശ്വൻ പടനിലം. പി.ആർ. കൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി. കോശി, അനുശിവൻ, പഞ്ചായത്ത് അംഗങ്ങളായ ആർ. മഞ്ജു, എസ്. രജനി, കെ. സോമലത തുടങ്ങിയവർ പ്രസംഗിച്ചു.