കൊല്ലം: കാതലായ ജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ വേണ്ടവിധത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ അഭിപ്രായപ്പെട്ടു.കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തോട് പ്രമുഖ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനിന്നു. ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കുമ്പോള്‍ തങ്ങള്‍ കന്യാസ്ത്രീകളോടാണെന്ന് പറയാറുണ്ട്.
പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന് ജില്ലാകമ്മിറ്റി, കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാകമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150 ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി പുറത്തെടുത്ത രണ്ട് പ്രധാന ആയുധങ്ങളാണ് സത്യഗ്രഹവും സിവില്‍ നിയമലംഘനവും. സത്യഗ്രഹം എന്നത് കുലീനമായ ധാര്‍മ്മികരോഷവും നിശ്ചയദാര്‍ഢ്യവും കൂടിച്ചേര്‍ന്നതാണ്. സിവില്‍ നിയമലംഘനമായിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ ഇത്രവേഗം ഇന്ത്യവിട്ട് പോകില്ലായിരുന്നു. ഉപ്പുസത്യഗ്രഹം പോലെയുള്ള സമരരൂപങ്ങള്‍ അതിന്റെ ഭാഗമായിരുന്നു.
ഗാന്ധിജിക്ക് ഇവിടെയുള്ളതിനെക്കാള്‍ ആദരവ് മറ്റ് രാജ്യങ്ങളിലാണുള്ളതെന്ന് കഴിഞ്ഞകാലത്ത് ഓമാനില്‍ ഗാന്ധിയന്ചിന്തകളെപ്പറ്റി പ്രഭാഷണം നടത്താന്‍ പോയ അനുഭവം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ജനകീയപ്രശ്നങ്ങള്ക്കാണ് ഗാന്ധിജി പ്രാധാന്യം നല്‍കിയത്. ജനങ്ങള്‍ ദുഃഖിക്കുമ്പോള്‍ അവിടെ ഗാന്ധിജി ഓടിയെത്തുന്നത് അതിനാലാണ്.
സ്വാതന്ത്ര്യദിനാഘോഷം ഡല്‍ഹിയില്‍ പൊടിപൊടിക്കുമ്പോള്‍, സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഗാന്ധിജി അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം കല്‍ക്കട്ടയിലെ തെരുവുകളില്‍ വര്‍ഗീയകലാപം നടക്കുന്നിടത്തേക്ക് പാഞ്ഞെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ അന്നേ ഗാന്ധിയെ മറന്നു. യഥാര്‍ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗാന്ധിജിയുടെ മാതൃകകളാണ് പിന്തുടരേണണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സി വി പത്മരാജന് അധ്യക്ഷത വഹിച്ചു. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടം മേയര്‍ വി രാജേന്ദ്രബാബു നിര്‍വഹിച്ചു. ഗാന്ധിസ്മാരക നിധി ചെയര്മാന് ഡോ. എന്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.ജനറല്‍കണ്‍വീനര്‍ വെച്ചൂച്ചിറ മധു, സംസ്ഥാന വൈസ്പ്രസിഡന്റ് വി എസ് ജനാര്ദനന് ഉണ്ണിത്താൻ, കണ്‍വീനര്‍ കെ രാജേന്ദ്രന് എന്നിവർ പ്രസംഗിച്ചു.