കരുനാഗപ്പള്ളി : രാജ്യത്തെ40 ശതമാനം കുട്ടികൾ വീടുകൾക്കുള്ളിലും 85 ശതമാനം തൊഴിലിടങ്ങളിലും പീഡിപ്പിക്കപ്പെടുകയാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കമാൽ പാഷ പറഞ്ഞു.കരുനാഗപ്പള്ളിയിൽ റീജിയണൽ വുമൺക്ലേവിൽ സ്ത്രീ സുരക്ഷാ നിയമങ്ങൾ സാധ്യതയും പ്രയോഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഒരു ദിവസം 10 പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ അമേരിക്കയിൽ ഒരു സെക്കന്റിൽ ഒന്പത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീതിജനകമാണ് ഈ അവസ്ഥ. ഡൊമസ്റ്റിക് വയലൻസിനെ പ്രതിരോധിക്കുന്ന നിയമം എല്ലാ സ്ത്രീകളും വായിച്ച് മനസിലാക്കി വയ്ക്കണം.
വചനം മാത്രം നോക്കിയാൽ മതി പ്രവൃത്തി നോക്കേണ്ട എന്ന് ചിന്തിക്കുന്നിടത്ത് സ്ത്രീക്ക് എവിടെയാണ് രക്ഷ. ദൈവത്തിനോട് പ്രാർഥിക്കാൻ ഇടനിലക്കാരൻ വേണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.എ സുഹൃത് കുമാർ മോഡറേറ്ററായി. സബൂറാ ബീവി, ബി സുധർമ്മ, ആർ ലതികാ കുമാരി എന്നിവർ പ്രസംഗിച്ചു.
വികേന്ദ്രീകൃതാസൂത്രണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാർ വി എൻ ജിതേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഡോ.എസ് ചിത്ര മുഖ്യ പ്രഭാഷണം നടത്തി. കെ ജഗദമ്മ ടീച്ചർ മോഡറേറ്ററായി. പുതിയ കാലത്തെ കൗമാരവും അമ്മയുടെ ചുമതലയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ബാലാവകാശ കമ്മീഷൻ അംഗം സി ജെ ആന്റണി ഉദ്ഘാടനം ചെയ്തു.
വുമൺ കോൺക്ലേവ് ഇന്ന് സമാപിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. 6.30ന് പെണ്ണകം അവതിരിപ്പിക്കുന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് നാടകവും ഉണ്ടാകും.