ഏതെടുത്താലും ഒപ്പത്തിനൊപ്പം. ദേശീയതലത്തിലും ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും പോരാട്ടം തുല്യം. സുപ്രധാന വിഷയങ്ങളിലും നെടുകെ പിളര്പ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമല ഹാരിസിന് ദേശീയതലത്തിലുണ്ടായിരുന്ന മെച്ചപ്പെട്ട ലീഡില് ഇടിവ്. എന്നാല്, ചാഞ്ചാടുന്ന സംസ്ഥാനങ്ങളില് വീണ്ടും നേരിയ മുന്തൂക്കം.
അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം അവശേഷിക്കേയുള്ള ചിത്രമാണിത്. ഇനിയുള്ള ഒരാഴ്ച ഇരു സ്ഥാനാര്ഥികള്ക്കും അതീവ നിര്ണായകം. അതേസമയം മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
അമേരിക്കയെ ബാധിക്കുന്ന എട്ടു സുപ്രധാന വിഷയങ്ങളില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ഥി കമല ഹാരിസും റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡോണള്ഡ് ട്രംപും നാലുവീതം വിഷയങ്ങളില് മുന്നിലാണ്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യനിയന്ത്രണം, വിദേശനയം എന്നിവയില് ട്രംപ് മുന്തൂക്കം നേടി.
അതേസമയം, ആരോഗ്യരംഗം, ഗര്ഭച്ഛിദ്രം ഉള്പ്പെടുന്ന സാമൂഹ്യവിഷയങ്ങള്, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില് ഹാരിസിനാണ് കൂടുതല് സ്വീകാര്യത.
സാമ്പത്തികരംഗമാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. നാണ്യപ്പെരുപ്പം, ഭവനവായ്പ, തൊഴിലില്ലായ്മ തുടങ്ങിയവ എല്ലാവരെയും ബാധിക്കുന്ന വിഷയങ്ങളാണ്. നിങ്ങളുടെ ജീവിതം നാലു വര്ഷം മുമ്പത്തേക്കാള് മെച്ചപ്പെട്ടോയെന്ന ട്രംപിന്റെ ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഇതിന്റെയെല്ലാം അടിസ്ഥാന കാരണമായി ട്രംപ് കണ്ടെത്തിയത് അനിയന്ത്രിതമായ കുടിയേറ്റമാണ്.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ട്രംപിന്റെ ആവശ്യത്തിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തോക്കുപയോഗം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങള് നിയന്ത്രിക്കാനും ട്രംപാണ് മെച്ചമെന്ന് ജനം കരുതുന്നു. വിദേശരാജ്യങ്ങളെ വരച്ചവരയില് നിര്ത്താന് ട്രംപിനാണ് കരുത്തെന്നും അമേരിക്കക്കാര് പൊതുവേ വിശ്വസിക്കുന്നു.
അതേസമയം, ആരോഗ്യരംഗത്ത സൗജന്യങ്ങള് നിലനിര്ത്താനും ഗര്ഭച്ഛിദ്രം ഉള്പ്പെടെയുള്ള സാമൂഹ്യവിഷയങ്ങള് കൈകാര്യം ചെയ്യാനും കമലയാണ് മെച്ചം. ആഗോള താപനം ഉള്പ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളിലും കമലയ്ക്കാണ് മുന്തൂക്കം.
വിദ്യാഭ്യാസ മേഖല മെച്ചപ്പാടാനും അവര് കമലയെ പിന്തുണയ്ക്കുന്നു. ഇതെല്ലാം പരിഗണിച്ചുവേണം അമേരിക്കന് ജനതയ്ക്ക് നിര്ണായക തീരുമാനമെടുക്കാന്. മത്സരം കടുകട്ടിയെന്ന് എല്ലാവരും സമ്മതിക്കുന്നു.
വാഷിംഗ്ടണില്നിന്ന് പി.ടി. ചാക്കോ