‘വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ സഭ്യേതരമായ അഭിപ്രായ പ്രകടനങ്ങളുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത്.
ജോ ബൈഡനോട് വളരെ മോശമായി പെരുമാറിയിരുന്ന മോശക്കാരിയായ സ്ത്രീയാണ് കമലാ ഹാരിസെന്ന് പറഞ്ഞ ട്രംപ് അവരെ സ്ഥാനാർഥിയാക്കിയത് തന്നെ അതിശയിപ്പിച്ചുവെന്നും പറഞ്ഞു. ജോ ബൈഡനോട് കമലാ ഹാരിസ് വളരെയധികം അനാദരവ് കാണിച്ചു.
പ്രചാരണ വേളയിൽ ബൈഡനും കമലയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ ആരും മറന്നിട്ടില്ല- ട്രംപ് പറഞ്ഞു. പ്രൈമറിയിൽ വളരെ മോശമായിരുന്നു കമല. അസത്യ കഥകൾ പ്രചരിപ്പിച്ച വ്യക്തിയാണ് അവർ. തീവ്ര ഇടതുപക്ഷക്കാരി കൂടിയാണ്.
അവരൊരു മോശപ്പെട്ട സ്ത്രീയാണ്- ട്രംപ് തുറന്നടിച്ചു. മുൻപ്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉന്നമിട്ട് പ്രവർത്തനങ്ങൾ തുടങ്ങിയ കമല ഹാരിസ് ഒരു ഡിസംബർ മൂന്നിന് അപ്രതീക്ഷിതമായി പിൻവാങ്ങിയപ്പോഴും ട്രംപ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
“മിസ് യു കമല.’ എന്നായിരുന്നു ട്രംപിന്റെ അന്നത്തെ പരിഹാസം കലർന്ന വാക്കുകൾ. എന്നാൽ അതിന് ശക്തമായ മറുപടി നൽകാൻ കമല ഹാരിസും മറന്നില്ല. “വിഷമിക്കേണ്ട, മിസ്റ്റർ പ്രസിഡന്റ് നിങ്ങളുടെ വിചാരണയിൽ ഞാൻ നിങ്ങളെ കാണും.
ഞാൻ ശതകോടീശ്വരിയല്ല. എനിക്ക് എന്റെ സ്വന്തം കാന്പെയ്ന് പണം കണ്ടെത്താനാവില്ല. കാന്പെയ്ൻ തുടരുന്നതിനനുസരിച്ച്, ഞങ്ങൾക്ക് മത്സരിക്കേണ്ട പണം സ്വരൂപിക്കുന്നത് ബുദ്ധിമുട്ടാണ്’- ഇതായിരുന്നു കമലയുടെ വാക്കുകൾ.