കളമശേരി: അതിക്രമത്തിനിരയായ മലയാള നടിയുടെ പേര് വെളിപ്പെടുത്തുകയും പീഡനത്തിനിരയാകുന്നവരുടെ പേര് എല്ലാ മാധ്യമങ്ങളും നൽകണമെന്നു പത്രസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്ത പ്രശസ്ത നടൻ കമലഹാസനെതിരേ കളമശേരി പോലീസ് സ്റ്റേഷനിൽ പരാതി. കമലഹാസനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനായ ഗിരീഷ്ബാബുവാണു പരാതി നൽകിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമാനവകുപ്പിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നടൻ അജു വർഗീസ് എന്നിവർക്കെതിരേയും കളമശേരിയിൽ കേസുണ്ട്. കഴിഞ്ഞദിവസം അജു വർഗീസ് കളമശേരിയിലെത്തി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച അജുവിന്റെ മൊബൈൽ പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്.