ചെന്നൈ: വിജയ് ചിത്രം “മെർസൽ’ സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ നടൻ കമൽഹാസൻ. മെർസലിന് സർട്ടിഫിക്കേഷൻ ലഭിച്ചതാണെന്നും അത് വീണ്ടും സെൻസറിംഗിന് വിധേയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമർശകരെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണെന്നും വിമർശനങ്ങളെ ഇല്ലായ്മ ചെയ്യരുതെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് മൂന്നു വേഷത്തിലാണെത്തുന്നത്. ഇതിലൊരു കഥാപാത്രമാണ് വിവാദപരാമർശങ്ങൾ നടത്തുന്നത്. നോട്ട് നിരോധനത്തെ വിമർശിക്കുകയും ജിഎസ്ടിയെ ചോദ്യം ചെയ്യുകയും സിംഗപ്പൂരിൽ ഇത്രയും നികുതിയില്ലെന്നുമാണ് കഥാപാത്രത്തിന്റെ വാക്കുകൾ. മദ്യം ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തതിനെതിരേയും പരാമർശമുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായാണ് വിജയ് കേന്ദ്രത്തിനെതിരേ സിനിമയിൽ സംസാരിക്കുന്നതെന്നാണ് ബിജെപി തമിഴ്നാട് ഘടകത്തിന്റെ ആരോപണം.