അമ്പലപ്പുഴ: സ്വന്തം ചതുപ്പുനിലം വഴിക്കായി നികത്താൻ വിധവക്ക് അനുവാദം നൽകുന്നില്ല. അമ്മയും മകനും പുറത്തിറങ്ങാൻ കഴിയാതെ ദുരിതത്തിൽ. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് പുത്തൻ നട കിഴക്ക് ചേക്കക്കളത്തിൽ കമലമ്മയും ഏക മകൻ അനീഷുമാണ് കഴിഞ്ഞ 7 വർഷമായി ദുരിതത്തിൽ കഴിയുന്നത്.
സ്മൃതി വനത്തിനു പടിഞ്ഞാറ് ഭാഗത്തായാണ് ഈ കുടുംബം കഴിയുന്നത്.വീടിന് തെക്ക് ഭാഗത്തായി പതിനാലര സെന്റ് ചതുപ്പ് സ്ഥലമുണ്ട്. ഈ സ്ഥലത്ത് 50 മീറ്ററോളം വഴിക്കായി നികത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഈ അമ്മയും മകനും കയറാത്ത പടികളില്ല. ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസീൽദാർ, പഞ്ചായത്ത് എന്നിവിടങ്ങളിലായി കഴിഞ്ഞ ഏഴ് വർഷമായി ഇവർ പരാതിയുമായി കയറിയിറങ്ങുകയാണ്.
എന്നാൽ ഇതുവരെ ഇതിന് അനുവാദം ലഭിക്കാത്തതു മൂലം അമ്മയും മകനും പുറത്തേക്കിറങ്ങാൻ ആശ്രയിക്കുന്നത് ഒരു കൊച്ചു വള്ളമാണ്.നേരത്തെ അയൽവാസിയുടെ പുരയിടത്തിൽ കയറിയാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ അയൽവാസി ഇതു തടഞ്ഞതോടെയാണ് തകർന്ന ഒരു കൊച്ചു വള്ളത്തെ ആശ്രയിച്ചു തുടങ്ങിയത്.
യാതൊരു അനുമതിയുമില്ലാതെ പലരും നിലവും ചതുപ്പു നിലവുമൊക്കെ അധികൃതരുടെ സ്വാധീനത്തിന്റെ മറവിൽ നികത്തിയെടുക്കുമ്പോഴാണ് ഇവർ യാത്രാ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഭർത്താവ് മുരളീധരൻ വീട്ടിൽ കുഴഞ്ഞു വീണിട്ട് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ മരണപ്പെട്ടിരുന്നു.
ഇതേയവസ്ഥ തങ്ങൾക്കും ഉണ്ടാകുമെന്നാണ് കമലമ്മ പറയുന്നത്.തങ്ങൾക്ക് വഴിക്കായി ഇനി എവിടെ പോകുമെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്