ചെന്നൈ: രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച തമിഴ് നടൻ രജനീകാന്തിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. രജനീകാന്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെയും രാഷ്ട്രീയ പ്രവേശത്തെയും അഭിനന്ദിച്ച കമൽ, അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ട്വിറ്ററിലായിരുന്നു കമലിന്റെ അഭിനന്ദനം.
ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. സ്വന്തം പാർട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച രജനി, തമിഴ്നാട് രാഷ്ട്രീയ ജീർണിച്ച അവസ്ഥയിലാണെന്നും ഈ സാന്പ്രദായിക സംവിധാനങ്ങളെ മാറ്റിമറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തുറന്നടിച്ചു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒട്ടേറെ ഉൗഹാപോഹങ്ങളിൽ ഡിസംബർ 31 ന് വ്യക്തത വരുത്തുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ, പലവഴിയായി ചിതറിയ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിന്റെ പ്രഖ്യാപനം ഏറെ നിർണായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.