സ്വന്തം മകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്ന ഒരച്ഛന്. അതും വെറുതെയല്ല, കോടിക്കണക്കിന് രൂപയുടെ വസ്തു സൗജന്യമായി നല്‍കികൊണ്ട്. കൊല്ലം ജില്ലയിലെ വെളിയം പ്രദേശത്ത് 83.4 സെന്റ് ഭൂമിയാണ് എന്‍. കമലാസനന് എന്ന അച്ഛന് കേരള സര്‍ക്കാരിന് വിട്ടുനല്‍കിയത്. ഏകദേശം മൂന്നു കോടിയാണിതിന്റെ വില.
കണ്ണായ സ്ഥലം കൈമാറുമ്പോള്‍ കമലാസനന് കുറച്ചെയുള്ളൂ നിര്‍ബന്ധങ്ങള്‍. മാനസിക പ്രശ്നമുള്ള സ്ത്രീകളെ പാര്‍പ്പിക്കുന്ന ഒരു കെയര്‍ ഹോം ഇവിടെ തുടങ്ങണം. അവിടെ അദ്ദേഹത്തിന്റെ മകളെ പ്രവേശിപ്പിക്കണം. താന്‍ മരിച്ചാലും തുടര്‍ന്നും അവളെ സര്‍ക്കാര്‍ പരിചരിക്കണം. ഇതാണ് അദ്ദേഹത്തിന്റെ ആകെയുള്ള ഡിമാന്റ്.
കഴിഞ്ഞ 25 വര്‍ഷമായി സ്കിസൊഫ്രനിയ എന്ന മാനസിക രോഗം ബാധിച്ചിരിക്കുകയാണ് കമലാസനന്റെ ഏക മകള്‍ക്ക്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1 ശതമാനം മാത്രം ആളുകള്‍ക്കുള്ള രോഗമാണിത്. എന്റെ കാലം കഴിഞ്ഞാലും മകളെ നോക്കാന്‍ ഒരു സംവിധാനം വേണം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് സ്ഥലം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയത്. സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ ദിവസം സ്ഥലം ഏറ്റെടുത്ത് ഉത്തരവായി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാനസിക പ്രശനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള കെയര്‍ ഹോം തുടങ്ങാനും തീരുമാനിച്ചു.
കമലാസനന്റെ മകള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇവിടെ തങ്ങാം. ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കണ്‍വീനറായ ഒരു കമ്മിറ്റിയാണ് ഭരണ നിര്‍വഹണത്തിനുള്ളത്. കമലാസനന് നിര്‍ദേശിക്കുന്ന ഒരാളും സമിതിയിലുണ്ടാകും.
കമലാസനന്റെ വീട് നവീകരിച്ച് കെയര്‍ഹോം ആക്കുമെന്ന് സാമൂഹിക നീതി വകുപ്പ് പ്രത്യേക സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഇത് നടക്കും. സാന്ത്വന എന്ന പേരില്‍ ഒരു ജീവകാരുണ്യ സംഘടനയും കോഴിക്കോട് കമലാസനന് നടത്തുന്നുണ്ട്.
‘എന്റെ മകളെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് മുന്നിലും ഞാന്‍ കൊണ്ടുപോയി. അവളുടെ അസുഖം പൂര്‍ണമായും മാറ്റാന്‍ കഴിയില്ലെന്ന് മനസിലായി. പിന്നീടാണ് ഇതേ അവസ്ഥയിലുള്ള മറ്റുള്ള പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത്’. അദ്ദേഹം പറഞ്ഞു.
ഒരു മാനസിക രോഗമാണ് സ്കിസൊഫ്രനിയ. ചിന്ത, അനുഭവം, പെരുമാറ്റം എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗി പ്രകടിപ്പിക്കുക. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അനുഭവങ്ങളും സംസാരത്തിലുണ്ടാകുന്ന തടസങ്ങള്‍, ദൈനംദിന ജീവിതത്തില്‍ നിന്നുള്ള ഉള്‍വലിയല്‍ എന്നിവയും സ്കിസൊഫ്രനിയ രോഗികള്‍ക്ക് ഉണ്ടാകാം. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള രോഗവുമാണിത്.