ആര്. വിധുലാല്‍
നാൻ ആണൈയിട്ടാൽ അതു നടന്തുവിട്ടാൽ… പാട്ടുംപാടിയാണ് എംജിആർ പറങ്കിമലയിൽനിന്ന് മുഖ്യമന്ത്രിക്കസേരവരെയെത്തിയത്. പറങ്കിമലയല്ല, ചെന്നൈ കോർപറേഷനു കീഴിലെ അലന്തൂരാണിപ്പോൾ പുതിയ മണ്ഡലം.
ദ്രാവിഡ കക്ഷികൾ തേരോട്ടം നടത്തിയ മണ്ണാണ്. പെരിയാറും അണ്ണാദുരൈയും കാമരാജും എംജിആറും കരുണാനിധിയും ഇവരുടെ കണ്‍കണ്ട ദൈവങ്ങൾ… 80 കളിൽനിന്ന് കാലചക്രം ഉരുളുന്നു… തലൈവർ കരുണാനിധിയും തലൈവി ജയലളിതയും മാറി മാറി ഭരിച്ചു.
സൂര്യശോഭയോടെ ഇരുവരും മൺമറഞ്ഞു. ഉടൽ മണ്ണുക്ക്, ഉയിർ തമിഴ്ക്ക്. ഡിഎംകെ- അണ്ണാ ഡിഎംകെ പാർട്ടികൾ അഴിമതിക്കാരെന്ന് ആരോപിച്ച് ഉലകനായകൻ കമല്ഹാസൻ തമിഴ്നാട്ടിൽ പുതിയ പാർട്ടിയുണ്ടാക്കുന്നു.
2018 ഫെബ്രുവരി 21ന് മക്കൾ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം- എംഎൻഎം) പിറന്നു. അഴിമതിക്കെതിരേ പുതുയുഗമെത്തിയെന്ന് കമല്‍ പ്രഖ്യാപിച്ചു. അടുത്തവർഷം പാർലമെന്റ് തെരഞ്ഞെടുപ്പ്. 34 സീറ്റിലും സ്ഥാനാർഥികൾ.
തെരഞ്ഞെടുപ്പു ചിഹ്നം ടോർച്ച്. ഒരു സീറ്റുപോലും ജയിച്ചില്ല. എന്നാൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ മനസിലാക്കാൻ കമലിനെ ഇത് സഹായിച്ചു.
ശ്രീപെരുന്പതൂർ മണ്ഡലത്തിൽ ഡിഎംകെ- അണ്ണാ ഡിഎംകെ മുന്നണികളോടു പൊരുതി 1,35,525 വോട്ടുകൾ നേടി. ശ്രീപെരുന്പതൂരിലെ അലന്തൂരിൽനിന്ന് 22000 വോട്ടുകൾ. സൗത്ത് ചെന്നൈ മണ്ഡലത്തിൽനിന്ന് 1,35,465 വോട്ടുകൾ.
ആകെ വോട്ട് .26 ശതമാനം. നഗരകേന്ദ്രീകൃത പ്രചാരണങ്ങളിൽ മധ്യവർഗവും വ്യവസായ സമൂഹവും ഏറെക്കുറെ കമല്‍ഹാസനെ പിന്തുണച്ചു. മത്സരിച്ച 13 മണ്ഡലങ്ങളിൽ എംഎൻഎം മൂന്നാമതെത്തി.
അഴിമതിക്കെതിരേ
എംഎൻഎമ്മിന് വ്യക്തമായ ലക്ഷ്യമുണ്ട്. വിദ്യാസന്പന്നരും യുവാക്കളും പാർട്ടി നേതൃനിരയിലെത്തണം. അഴിമതി, കൈക്കൂലി എന്നിവയ്ക്കെതിരേ ശക്തമായ പോരാട്ടം വേണം.
പാർട്ടി പതാകയിലെ ചുവപ്പ്, വെള്ള നിറങ്ങളിൽ കൈകൾ കോർത്തിയിരിക്കുന്നതു ദക്ഷിണ ഭാരതത്തിലെ അഞ്ചു സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശത്തെയുമാണു സൂചിപ്പിക്കുന്നത്.
നമ്മൾ ഒന്നിച്ചു നിൽക്കണം. ഇവിടെ ഞാൻ ഒരു ഉപകരണം മാത്രം. പാർട്ടി പതാകയിലെ നക്ഷത്രം നിങ്ങളാണ്.
നിങ്ങളാണ് നേതാക്കൾ. നേതാക്കളുടെ കൂട്ടമാണിത്- കമല്ഹാസൻ പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ പറഞ്ഞു.
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ രാമേശ്വരത്തെ വസതിയിൽനിന്ന് പതാക ജാഥ ആരംഭിച്ചു. എംജിആറിനെ ഇടയ്ക്കിടെ പ്രസംഗത്തിൽ ഓർമിക്കാൻ കമൽ സമയം കണ്ടെത്തും.
അതിനാൽത്തന്നെ പാർട്ടിക്കു വേരോട്ടമുള്ള, എംജിആറിന്റെ പഴയ മണ്ഡലത്തിൽനിന്ന് കമൽ ജനവിധി തേടുമെന്നാണ് സൂചന.
മൂന്നാം മുന്നണി
ടി.ആർ. പാരിവേന്ദറിന്റെ ഇന്തിയ ജനനായകകക്ഷിയും അഴിമതി വിരുദ്ധ മുന്നേറ്റങ്ങളിലൂടെ ശ്രദ്ധേയമായ സട്ട പഞ്ചായത്ത് ഇയക്കവും അണ്ണാ ഡിഎംകെ മുൻ എംഎൽഎ പഴ കറുപ്പയ്യയും കമല്‍ഹാസനെ പിന്തുണയ്ക്കും. രജനീകാന്തിന്റെ പിന്തുണ എംഎൻഎം തേടിയിട്ടുണ്ട്.
അതേസമയം, തമിഴകത്ത് പത്തുവർഷത്തിനുശേഷം സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചനങ്ങള്‍.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 41 സീറ്റ് ഇത്തവണയും ചോദിച്ച കോണ്‍ഗ്രസിന് 20 സീറ്റിൽകൂടുതൽ കൊടുക്കാനാവില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്.
കമല്ഹാസൻ രണ്ടുവട്ടം കോണ്‍സിനെ ക്ഷണിച്ചു. രാഹുൽ ഗാന്ധിയുമായി ഒരിക്കൽ ചർച്ച നടത്തി. അന്നുമിന്നും കോണ്‍ഗ്രസിന് ഒരു അഭിപ്രായമേയുള്ളു- ഡിഎംകെ വിടുന്നത് ആത്മഹത്യാപരം.
സഖ്യകക്ഷികളായ സിപിഎം, കോണ്‍ഗ്രസ്, എംഡിഎംകെ, വിസികെ പാർട്ടികളിലെ നേതാക്കളെ സീറ്റ് ചർച്ചകൾക്കു സ്റ്റാലിൻ കാണുന്നുണ്ട്.
സ്ഥാനാർഥികൾക്കായി നെട്ടോട്ടം
നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം വയസിലേക്കു ചുവടുവയ്ക്കുന്ന മക്കൾ നീതി മയ്യത്തിലേക്ക് സ്ഥാനാർഥികളെ ഇന്റർവ്യു ചെയ്യുന്ന തിരക്കിലാണു താരം.
പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം 25,000 രൂപയും നല്കിയാൽ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
234 മണ്ഡലങ്ങളിലെ മക്കൾ നീതി മയ്യത്തിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടിക മാർച്ച് ഏഴിനു പ്രഖ്യാപിക്കും. എപ്രിൽ ആറിനാണു തമിഴകം ബൂത്തിലെത്തുന്നത്.