ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതികളിലടക്കം ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
കമൽഹാസന്റെ വിശ്വസ്തനും മക്കൾ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖരന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ എട്ടു കോടിയിലേറെ രൂപ പിടിച്ചെടുത്തു.
തിരുപ്പൂർ, മധുര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ് സ്ക്വാഡും പരിശോധനകൾ നടത്തി.
ഇതിൽ വോട്ടർമാർക്ക് നൽകാനായി ശേഖരിച്ചുവച്ച സമ്മാനങ്ങൾ പിടിച്ചെടുത്തു. 300 വീതം കംപ്യൂട്ടറുകൾ, സാരികൾ എന്നിവയും മറ്റു സമ്മാനപ്പൊതികളുമാണ് പിടിച്ചെടുത്തത്.
അണ്ണാ ഡിഎംകെ സ്ഥാനാർഥി ആർ.ബി. ഉദയകുമാറിന്റെ ചിത്രം ഈ സമ്മാനപ്പൊതികളിൽ ഉണ്ടായിരുന്നു.