ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്റെ മുഖം തന്നെയെന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പാർട്ടി മത്സരിക്കുന്ന മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച കമൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറത്തിറക്കി. വൻ വാഗ്ദാനമാണ് പ്രകടനപത്രിയിൽ ഉലകനായകൻ നൽകിയിരിക്കുന്നത്.
തന്റെ സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ 50 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും പാർട്ടി പ്രകടനപത്രികയിൽ പറയുന്നു. സൗജന്യ വൈഫൈ, റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളും കമൽ നൽകുന്നു. സ്ത്രീ തൊഴിലാളികൾക്ക് പുരുഷനോടൊപ്പം തുല്യതൊഴിലിന് തുല്യ കൂലിയെന്നതും പ്രകടനപത്രികയിലെ മറ്റൊരു പ്രധാനവാഗ്ദാനമാണ്. തന്റെ സ്ഥാനാർഥികളെ തെരഞ്ഞെടുത്താൽ ദേശീയപാതകളിൽ ടോൾ പിരിവുകൾ ഒഴിവാക്കുമെന്നും അദ്ദേഹം പ്രകടനപത്രികയിൽ പറയുന്നു.
ആദ്യ ഘട്ടത്തിൽ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ച കമൽ ഇന്ന് ചെന്നൈയിൽ 19 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിൽ പാർട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രൻ മൽസരിക്കും.