ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിൽ ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന സഹകരണസ്ഥാപനം സ്ഥാപിച്ച കമാനം മാറ്റണ മെന്ന് ആവശ്യം. ആശുപത്രി റോഡ് മുഴുവൻ റീ ടാറിംഗ് ചെയ്യുകയും നിലവിലുള്ളതിന്റെ ഇരട്ടി വീതിയിൽ റോഡ് പുനർനിർമിക്കുകയും ചെയ്തതിനെത്തുടർന്നാണ് കമാനം മാറ്റണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിലേക്ക് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ രോഗികളുമായി വരുന്നവർ അമിതവേഗത്തിലാണ് എത്തുന്നത്.പ്രധാന റോഡിൽനിന്നും അത്യാഹിത വിഭാഗം റോഡിന്റെ ഉള്ളിലേക്കു കയറ്റി സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനം വളവ് തിരിഞ്ഞ് അകത്തേക്കു പ്രവേശിക്കുന്പോഴാണ് റോഡിന്റെ മധ്യഭാഗത്ത് കമാനം കാണുവാൻ കഴിയുന്നത്. ഇത് അപകടങ്ങൾക്കു കാരണമാകുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.
കഴിഞ്ഞ മാസം തൊടുപുഴയിൽനിന്ന് രോഗിയുമായി വന്ന ആംബുലൻസ് ഈ കമാനത്തിൽ ഇടിച്ചു കമാനം തകർന്നിരുന്നു. കമനത്തിനു വേണ്ടത്ര ഉയരമില്ലെന്നും ആക്ഷേപമുണ്ട്. നിലവിലുള്ള സ്ഥലത്തുനിന്ന് അല്പം കൂടി മുന്നോട്ട് കയറ്റി കമാനം ഉയരത്തിൽ സ്ഥാപിച്ചാൽ അപരിചിതരായ ഡ്രൈവർമാർക്കു പ്രവേശന കവാടം പെട്ടെന്നു തിരിച്ചറിയാൻ കൂടി കഴിയുമെന്നും അതിനാൽ കവാടം മാറ്റി സ്ഥാപിക്കണമെന്നുമാണ് ആവശ്യം.