എം.സുരേഷ്ബാബു
തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹൻലാലിന്റെ സിനിമയായ മരയ്ക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.
ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന വേദി കൈരളി തിയറ്ററാണ്. മൂന്ന് തിയറ്ററുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
കൈരളി തീയേറ്ററിൽ പണികൾ നടക്കുന്നതിനാൽ ഫെസ്റ്റിവെൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്.
ഫെബ്രുവരിയ്ക്ക് മുൻപ് പണികൾ പൂർത്തിയാകും. സർക്കാരിന്റെ തിയറ്ററായ കൈരളിയിലാണ് ഫെസ്റ്റിവെലിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം നടക്കുന്നതെന്നും കമൽ രാഷ്ട്രദീപികയോട് പറഞ്ഞു.
മരയ്ക്കാറിന്റെ റിലീസ് കാരണമാണ് ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കമൽ.
ഡിസംബർ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ചലച്ചിത്രമേളക്ക് തീയറ്ററുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടായതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാൻ കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ഡെലിഗേറ്റ്സിനും കൈരളി തീയേറ്ററിനോട് വൈകാരികമായ അനുഭവമാണ് ഉള്ളത്. കൂടാതെ മുൻ വർഷങ്ങളിൽ പ്രദർശനം നടത്തിയിരുന്ന ധന്യ-രമ്യ തീയേറ്റർ പൊളിച്ചതും ഫെസ്റ്റിവെൽ നീട്ടാൻ കാരണമായി.
ഫിലിം ഫെസ്റ്റിവെല്ലിന് മുൻപ് ഡോക്യുമെന്ററി ഫെസ്റ്റിവെൽ നടത്തേണ്ടതുണ്ട്. അതിന് ഒരു തീയേറ്റർ മതിയാകും.
നേരത്തെ നടത്തേണ്ടിയിരുന്ന ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെൽ കോവിഡിന്റെ സാഹചര്യത്തിൽ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു- കമൽ പറഞ്ഞു.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് വേണ്ടിമൂന്ന് മാസം മുൻപേ തീയേറ്ററുകൾ ബുക്ക് ചെയ്തിരുന്നു. മരയ്ക്കാറിന്റെ റിലീംസിംഗ് കഴിഞ്ഞ ആഴ്ചയാണ് തീരുമാനമായത്.
മരയ്ക്കാർ കേരളത്തിലെ എല്ലാ തീയേറ്ററുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ ഫിലിം ഫെസ്റ്റിവെൽ നടക്കുന്നത് തിരുവനന്തപുരത്ത് മാത്രമാണെന്നും കമൽ പറഞ്ഞു.
ഡിസംബർ പത്തിനാണ് ഫിലിം ഫെസ്റ്റിവെൽ സാധാരണ നടത്താറുള്ളത്. എന്നാൽ മരയ്ക്കാർ ഡിസംബർ രണ്ടിനാണ് റില ീസ് ചെയ്യുന്നത്.
മരയ്ക്കാറിന്റെ റിലീസിംഗുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവെൽ നടന്നിരുന്നില്ല. ആ കുറവ് ഇത്തവണ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
സിനിമാ മന്ത്രി സജി ചെറിയാന്റെ നിർദേശാനുസരണമാണ് ഫിലിം ഫെസ്റ്റിവെലിന്റെ കാര്യങ്ങൾ എല്ലാം ചെയ്യുന്നത്.
ഫെസ്റ്റിവെൽ മാളിലേക്ക് മാറ്റുന്നത് ഉൾപ്പെടെ ആലോചിച്ചിരുന്നുവെങ്കിലും സിനിമാ ആസ്വാദകർക്ക് മുൻപ് ലഭിച്ചിരുന്ന ത്രിൽ നഷ്ടപ്പെടുമെന്ന ബോധ്യത്തിലാണ് നഗരത്തിലെ തന്നെ തീയേറ്ററുകളിലേക്ക് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ,ശ്രീ ,നിള , കലാഭവൻ, ന്യൂ, കൃപ, പത്മനാഭ ഉൾപ്പെടെ പന്ത്രണ്ട് തീയേറ്ററുകളാണ് ഇത്തവണ ഫിലിംഫെസ്റ്റിവെലിന്റെ വേദിയെന്നും അദ്ദേഹം പറഞ്ഞു.