കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയില്‍.
അന്വേഷണം തുടങ്ങി ഒരു മാസത്തിലേറെയായിട്ടും കമറുദ്ദീനും ജ്വല്ലറി എംഡി പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല.
അതേസമയം അന്വേഷണം കൂടുതല്‍ വൈകിപ്പിക്കാനുള്ള ബദല്‍ നീക്കങ്ങളുമായി കമറുദ്ദീനും തങ്ങളും രംഗത്തെത്തുകയും ചെയ്തു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരുമായുള്ള സിവില്‍ തര്‍ക്കത്തിന്റെ പേരില്‍ വഞ്ചനാ കേസ് ചാര്‍ജ് ചെയ്തത് നിലനില്‍ക്കില്ലെന്നു കാട്ടി കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ജ്വല്ലറിയുടെ ഡയരക്ടര്മാരായിരുന്ന നാലുപേര്‍ സ്വര്‍ണവും വജ്രവും കടത്തിക്കൊണ്ടുപോയതായി ആരോപിച്ച് പൂക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലുള്ളത്. ഇതില്‍ ഓരോ നിക്ഷേപകരുടെയും മൊഴിയെടുത്ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതുവരെ പ്രധാനമായും നടന്നത്.
ഇതില്‍ നിന്നും ആവശ്യമായ തെളിവുകള്‍ സമാഹരിച്ചതിനുശേഷം മാത്രമേ അന്വേഷണം മുകള്‍ത്തട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജ്വല്ലറിയുടെ വിവിധ ശാഖകളിലെ ജീവനക്കാരെയും കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു. അതേസമയം നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്ന സാഹചര്യം നിക്ഷേപകരില്‍ പലരേയും പിറകോട്ട് വലിക്കുന്നതായും സൂചനയുണ്ട്.
കൃത്യമായ വരുമാന സ്രോതസ്സ് കാണിക്കാനുള്ളവര് മാത്രമാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്കാന് മുന്നിട്ടിറങ്ങുന്നത്. ജ്വല്ലറിയിലെ നിക്ഷേപത്തില്‍ വലിയൊരു പങ്ക് അനധികൃത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണമാണെന്ന സൂചനയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കു നീങ്ങിയാല്‍ ഇവരും കേസില്‍ പ്രതിയാകുന്ന അവസ്ഥയാകും. ഈ സാഹചര്യമാണ് ജ്വല്ലറി ഉടമകള്‍ക്കും പിടിവള്ളിയാകുന്നത്.
ജ്വല്ലറിയുടെ വിവിധ ശാഖകളിലെ വിറ്റുവരവുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടത്തിയ വകയില്‍ 2.38 കോടി രൂപയുടെ കുടിശ്ശിക അടക്കുന്നതിനായി ചരക്ക് സേവന നികുതി വകുപ്പും കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
പലവട്ടം സമയപരിധി നീട്ടിനല്‍കിയിട്ടും ജ്വല്ലറി ഉടമകള്‍ നികുതി കുടിശ്ശിക അടച്ചിരുന്നില്ല. ഇനിയും നിശ്ചിത സമയപരിധിക്കുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇതിന് തൊട്ടുപിന്നാലെയാണ് പയ്യന്നൂരിലെ ശാഖയില്‍ നിന്നും നാല് ഡയരക്ടര്മാര് ചേര്‍ന്ന് അഞ്ചരക്കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ വജ്രാഭരണവും കടത്തിക്കൊണ്ടുപോയതായി ആരോപിച്ച് പൂക്കോയ തങ്ങള്‍ പോലീസില്‍ പരാതി നല്‍കിയത്.
ജ്വല്ലറി ഉടമകളുടെ കൈയില്‍ കാര്യമായ ആസ്തിയൊന്നും അവശേഷിക്കുന്നില്ലെന്ന് ജപ്തി നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ തെളിയിക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് സൂചന.