നെടുമ്പാശേരി: നെടുന്പാശേരിയിലെയും കൊച്ചിയിലെയും ആഡംബര ഹോട്ടലുകളിൽ കവർച്ച നടത്തി മുങ്ങുന്ന മുംബൈ സ്വദേശിയെ ഒടുവിൽ നെടുന്പാശേരി പോലീസ് മുംബൈയിൽ നിന്നു അറസ്റ്റു ചെയ്തു. മുംബൈ അന്ധേരി ജോഗേസ്വരി വെസ്റ്റ് സ്വദേശി കമറുദ്ദീൻ ഷെയ്ക്ക് (47) ആണ് പിടിയിലായത്.
ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തന്ത്രപൂർവം ആഡംബര ഹോട്ടലുകളിൽ നുഴഞ്ഞുകയറി താമസക്കാരുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച ശേഷം വിമാനത്തിൽ കയറി മുങ്ങുകയായിരുന്നു ഇയാളുടെ രീതി. മുംബൈ പോലീസിന്റെ സഹായത്തോടെ നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് നെടുമ്പാശേരി ക്വാളിറ്റി എയർപോർട്ട് ഇന്റർനാഷണലിൽ താമസിച്ചവരുടെ 32,000 രൂപ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ ജനുവരിയിൽ നെടുമ്പാശേരിയിലെ ലോട്ടസ് 8 ഹോട്ടലിൽ തൊടുപുഴ സ്വദേശിയും കുടുംബവും താമസിച്ച മുറിയിൽ നിന്നു 3,50,000 രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്നതും രണ്ടു മാസം മുമ്പ് എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇടപ്പള്ളിയിലെ ഹോട്ടലിലെ താമസക്കാരുടെ മുറിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.
ക്വാളിറ്റി ഇന്റർനാഷണൽ ഹോട്ടലിൽ കവർച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തമായ സൂചന പോലീസിനു ലഭിച്ചത്. ഇയാൾ നെടുമ്പാശേരി വിമാനത്താവളം വഴി മുംബൈയിലേക്ക് പോയതായി വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യത്തിൽ നിന്നു മനസിലാക്കിയതോടെ വിമാനക്കമ്പനി അധികൃതരിൽ നിന്ന് പോലീസ് പ്രതിയുടെ വിലാസം ശേഖരിച്ചു. തുടർന്ന് സിഐയും പോലീസ് ഉദ്യോഗസ്ഥരായ എം.എസ്. ബിനോജ്, സി.പി. ഷാജൻ എന്നിവർ മുംബൈയിലേക്ക് പുറപ്പെടുകയായിരുന്നു.
നേരത്തെ ലോട്ടസ് 8-ൽ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നെങ്കിലും പ്രതിയുടെ മുഖം വ്യക്തമല്ലാത്തതിനാൽ തുടരന്വേഷണം പുരോഗമിച്ചില്ല. ഇതിനിടയിലാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ കവർച്ച നടത്തി മുങ്ങിയ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചത്. ഈ രണ്ടു കവർച്ചയ്ക്കു പിന്നിലും ഒരേ ആൾ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.
മൂന്നിടത്തും കവർച്ച നടന്ന ദിവശങ്ങളിൽ ഒരേ വിലാസത്തിലുള്ളയാൾ മുംബൈയിലേക്ക് പോയതായി പോലീസിനു സൂചന ലഭിച്ചിരുന്നു. നെടുമ്പാശേരി ക്വാളിറ്റി എയർപോർട്ട് ഇന്റർനാഷണലിലെ കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയുടെ മുഖം വ്യക്തമായി ലഭിച്ചത്. തുടർന്ന് ഇയാൾ യാത്ര ചെയ്ത വിമാനക്കന്പനിയുമായി അന്വേഷണസംഘം ബന്ധപ്പെടുകയായിരുന്നു.
മുംബൈയിൽനിന്ന് അവധി ദിവസങ്ങളിൽ വിമാനമാർഗം കൊച്ചിയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും എത്തി ടാക്സി കാറിൽ സഞ്ചരിച്ച് മുന്തിയ ഹോട്ടലുകളിൽ കയറി കവർച്ച നടത്തിയ ശേഷം ഉടൻ വിമാന മാർഗം തിരിച്ചുപോകുന്ന രീതിയാണ് പ്രതി സ്വീകരിച്ചിരുന്നത്.
പ്രതിയെ കസ്റ്റഡിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് സിഐ പി.എം. ബൈജു, എസ്ഐ സോണി മത്തായി എന്നിവർ പറഞ്ഞു. തുണിക്കച്ചവടവും വാഹന ആക്സസറീസ് വില്പനക്കാരനുമായ പ്രതി കവർച്ചയിലൂടെ ലഭിക്കുന്ന പണം ഫ്ളാറ്റുകൾ മോടിപിടിപ്പിക്കുന്നതിനും വിദേശ യാത്രകൾക്കുമാണ് ചെലവഴിച്ചിരുന്നത്. പ്രതിയിൽ നിന്നു പണവും വില കൂടിയ മെബൈൽ ഫോണും പിടിച്ചെടുത്തു.