കാസര്‍ഗോഡ്: ചെര്‍ക്കളം അബ്ദുള്ള – സി.ടി അഹമ്മദലി ദ്വയത്തിന്റെ പ്രഭവകാലത്തിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ മുസ്ലീംലീഗിന്റെ സംഘടനാതലത്തില്‍ പടിപടിയായി ഉയര്‍ന്നുവന്ന നേതാവാണ് എം.സി. ഖമറുദ്ദീന്. കഴിഞ്ഞ ഇരുപതുവര്‍ഷത്തിലേറെയായി ലീഗിന്റെ ജില്ലാ നേതൃനിരയില്‍ ഈ സൗമ്യസാന്നിധ്യമുണ്ട്. ആദ്യകാലങ്ങളില്‍ വലിയ നേതാക്കളുടെ നിഴലിലൊതുങ്ങിപ്പോവുകയായിരുന്നുവെങ്കില് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഏറ്റവുമധികം അവസരങ്ങള്‍ കൈയെത്തുദൂരത്ത് നിഷേധിക്കപ്പെട്ട നേതാവായാണ് ഖമറുദ്ദീനെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നത്.
കാസര്‍ഗോഡ് ജില്ലയുടെ തെക്കേയറ്റത്തുള്ള പടന്ന പഞ്ചായത്തിലെ എടച്ചാക്കൈ സ്വദേശിയായ ഖമറുദ്ദീന് സ്കൂള്‍ വിദ്യാഭ്യാസകാലത്തും പിന്നീട് തളിപ്പറമ്പ് സര് സയ്യിദ് കോളജിലെ ബിരുദപഠനകാലത്തും തന്നെ എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പിന്നീട് യൂത്ത് ലീഗിന്റെയും മുസ്ലീംലീഗിന്റെയും നേതൃനിരയിലെത്തി. ചെര്‍ക്കളം അബ്ദുള്ള ജില്ലാ പ്രസിഡന്റായിരിക്കേ ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി.
ഇടക്കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായതു മാത്രമാണ് പാര്‍ലമെന്ററി രംഗത്ത് ഇതുവരെയുണ്ടായിരുന്ന ഏക അനുഭവം. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പരിഗണിക്കപ്പെട്ടെങ്കിലും പി.ബി.അബ്ദുല്‍ റസാഖിനുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്നു.2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കളം അബ്ദുള്ള മഞ്ചേശ്വരത്തുനിന്ന് പിന്മാറിയപ്പോള് ആദ്യം പരിഗണിക്കപ്പെട്ടത് ഖമറുദ്ദീന്റെ പേരായിരുന്നു.
അന്നും തടസ്സമായത് ഭാഷയും പ്രാദേശികവാദവുമാണ്. കന്നഡ-തുളു ഭാഷാ മേഖലയായ മഞ്ചേശ്വരത്ത് ശുദ്ധ മലയാളി പശ്ചാത്തലത്തില്‍ നിന്നുള്ള ഖമറുദ്ദീന് അംഗീകരിക്കപ്പെടില്ലെന്ന വാദം ലീഗിലെ ഒരു വിഭാഗം തന്നെ ശക്തമായി ഉയര്‍ത്തിയപ്പോള്‍ അവിടെയും പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂണിയറാണെങ്കിലും കാസര്‍ഗോഡുകാരനായ പി.ബി.അബ്ദുല്‍ റസാഖിന് നറുക്കുവീണു.
പരാതികളും പരിഭവങ്ങളുമില്ലാതെ ഖമറുദ്ദീന് ലീഗിന്റെ സംഘടനാതലത്തില്‍ ഒതുങ്ങിനിന്നു പ്രചാരണത്തില്‍ സജീവമായി. സഹപ്രവര്‍ത്തകന്റെ അകാല വിയോഗത്തിന്റെ നിഴലില്‍ ഒടുവില്‍ അര്‍ഹമായ പാര്‍ലമെന്ററി സ്ഥാനവും ഖമറുദ്ദീനെ തേടിയെത്തുകയാണ്.
ഇടതുകോട്ടയായിരുന്ന കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് നേടിയ മികച്ച വിജയത്തിനു പിന്നിലെ പ്രധാന ചാലകശക്തികളിലൊന്ന് പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഖമറുദ്ദീന്റെ സംഘടനാശേഷിയായിരുന്നു.
ഒരുപക്ഷേ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുണ്ടാകുന്ന സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളെയെല്ലാം അടക്കിവച്ച് ലീഗിന്റെ സംഘടനാസംവിധാനം മുഴുവന്‍ പ്രയോജനപ്പെടുത്തി ഉണ്ണിത്താന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കിയ ഖമറുദ്ദീന് ഇത്തവണ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു കിട്ടിയ അകമഴിഞ്ഞ പിന്തുണ ഇതിനുള്ള പ്രതിഫലമായിരുന്നു.
എവിടെയൊക്കെ യുഡിഎഫില്‍ ഐക്യമുണ്ടായിട്ടുണ്ടോ അവിടെയെല്ലാം വിജയവുമുണ്ടായിട്ടുണ്ടെന്ന ഉണ്ണിത്താന്റെ വാക്കുകള്‍ അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ തവണ 89 വോട്ടിന് കടന്നുകിട്ടിയ മണ്ഡലത്തില്‍ ഇത്തവണ ഭാഷാവിവാദവും പ്രാദേശികവാദവുമെല്ലാം എതിരായിട്ടും ഖമറുദ്ദീന് നേടിയ ഉജ്വല വിജയം.
തികഞ്ഞ കലാസ്വാദകനും മാപ്പിളപ്പാട്ട് കലാകാരനുമായ ഖമറുദ്ദീന്റെ പാട്ടുകള്‍ ഇനി മഞ്ചേശ്വരത്തിനായി നിയമസഭയില്‍ മുഴങ്ങും. മഞ്ചേശ്വരത്തെ ഭാഷാന്യൂനപക്ഷങ്ങള്ക്കുവേണ്ടി കേരള നിയമസഭയില്‍ മലയാളത്തില്‍ പ്രസംഗിക്കാനാണ് താന്‍ പോകുന്നതെന്ന ഖമറുദ്ദീന്റെ വാക്കുകള്‍ അംഗീകരിച്ച് ഇടുങ്ങിയ പ്രാദേശികവാദത്തെയും മഞ്ചേശ്വരത്തുകാര്‍ ഒരിക്കല്‍കൂടി പടിയടച്ച് പുറത്താക്കിയിരിക്കുന്നു.