കാസര്‍ഗോഡ്: തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് വിവാദത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്രശ്നപരിഹാരത്തിന് വഴി തേടി ലീഗ്.
ആറുമാസത്തിനകം നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കി കടബാധ്യതകള്‍ തീര്‍ക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം വിവാദത്തിലുള്‍പ്പെട്ട എം.സി. കമറുദ്ദീന് എംഎല്‍എക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതോടൊപ്പം പാണക്കാട് നടന്ന ചര്‍ച്ചകളില്‍ നിന്ന് കമറുദ്ദീനെ മാറ്റിനിര്‍ത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറല്ലെന്നുള്ളതിന്റെ സൂചനയുമായി.
നിക്ഷേപകരുടെ വിവരവും സ്വന്തം ആസ്തിവകകളും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സെപ്റ്റംബര്‍ 30 നകം കമറുദ്ദീന് പാര്‍ട്ടിക്ക് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും നിക്ഷേപകരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തി.
നിക്ഷേപകരുടെ ഭാഗത്തുനിന്നും പരാതികള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. ആവശ്യപ്പെടുന്ന എല്ലാവര്ക്കും നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപ തുക തിരികെ നല്കുന്ന കാര്യം ഉറപ്പുവരുത്തണം.
സ്ഥാനമൊഴിയാൻ സന്നദ്ധത
ഇതോടൊപ്പം സെപ്റ്റംബര്‍ ഒന്നിന് നടന്ന ജില്ലാ ലീഗ് നേതൃയോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കമറുദ്ദീന് അറിയിച്ചിരുന്നതായും സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചതായും നേതാക്കള്‍ അറിയിച്ചു.
എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം കമറുദ്ദീന് ഒഴിഞ്ഞിരുന്നു. ഇതോടെ നിലവില്‍ അദ്ദേഹം പാര്‍ട്ടിയില്‍ പ്രധാന സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്ന നിലയായി.
ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരില്‍ ഭൂരിഭാഗം പേരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നത് ലീഗിന് കടുത്ത തലവേദനയായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വിഷമമുണ്ടാകാത്ത തരത്തിലുള്ള പ്രശ്നപരിഹാരം കണ്ടെത്തേണ്ടത് പാര്‍ട്ടിയുടെ കൂടി ബാധ്യതയായി.
വിവാദം കൂടുതല്‍ കേസുകളിലേക്കും അറസ്റ്റുകളിലേക്കും നീങ്ങിയാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുന്ന സാഹചര്യം ഒഴിവാക്കാന്‍ നിക്ഷേപകരെ അനുനയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ കൂടി ആവശ്യമായിരുന്നു. ഇതിനുള്ള വഴി തേടുന്ന തീരുമാനമാണ് ഇന്നലത്തെ യോഗത്തില്‍ ഉണ്ടായത്.