കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേസുകളിൽ മുഖ്യപ്രതിയുമായ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി.
പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് കോടതിയുടെ അനുമതി. വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലെത്തി ക്രൈം ബ്രാഞ്ച് സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
റിമാൻഡിൽ കഴിയവേ നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. സി കമറുദ്ദീനു ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്ത കമറുദ്ദീനെ കഴിഞ്ഞദിവസം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.