കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് കൂടുതല്‍ കുരുക്കിലേക്ക്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിനു പിന്നാലെ കമ്പനിയുടെ മൂലധനം സ്വരൂപിക്കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ചട്ടലംഘനം നടന്നതായ വിവരങ്ങളും പുറത്തുവന്നു.
വിവാദക്കുരുക്ക് മുറുകുന്നതിനിടെ കമറുദ്ദീനോട് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം ഒഴിയാന്‍ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. ചെറുവത്തൂര്‍ ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പിന്റെ പേരില്‍ 800 ഓളം നിക്ഷേപകരില്‍ നിന്നായി 136 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇതിനകം ചന്തേര, കാസര്‍ഗോഡ്, ഉദുമ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുപതോളം കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ എം.സി. കമറുദ്ദീന് ചെയര്‍മാനും ടി. കെ. പൂക്കോയ തങ്ങള്‍ എംഡിയുമായി ചെറുവത്തൂരില്‍ ജ്വല്ലറി തുടങ്ങിയത്. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്ണമെന്്, നുജൂം ഗോള്‍ഡ് എന്നീ നാല് കമ്പനികളായി രജിസ്റ്റര്‍ ചെയ്തു.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിറ്റുവരവും ആസ്തി വിവരങ്ങളും ഓരോ വര്‍ഷവും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ 2017 മുതല്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഈ നാല് കമ്പനികളുടെ പേരിലാണ് നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ തുറന്ന ജ്വല്ലറി ശാഖകള്‍ മുഖേനയാണ് നിക്ഷേപം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഈ മൂന്നു ശാഖകളും പൂട്ടിയതിനെ തുടര്‍ന്ന് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതോടെയാണ് കേസുകളുടെ തുടക്കം. തുടര്‍ന്ന് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി എത്തുകയായിരുന്നു.
എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കമറുദ്ദീന് ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും യുഡിഎഫ് ചെയര്‍മാനായി തുടരുകയായിരുന്നു.
കേസുകളുടെ കുരുക്ക് ഇനിയും മുറുകിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തെ ഉള്‍പ്പെടെ ബാധിക്കാനും ഇടയുണ്ട്.