കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായ എം.സി. കമറുദ്ദീന് എംഎല്‍എയോട് നാളെ പാണക്കാട്ടെ ആസ്ഥാനത്ത് നേരിട്ടെത്തിച്ചേര്ന്ന് വിശദീകരണം നല്കാന് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
കമറുദ്ദീന്റെ വ്യക്തിപരമായ ബിസിനസ് ഇടപാടുകളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തേ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍ ഈ വിഷയത്തില്‍ പാര്ട്ടിക്കുണ്ടായേക്കാവുന്ന ക്ഷീണം പരിഹരിക്കാന്‍ കമറുദ്ദീനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്നാണ് സൂചന.
എംഎല്‍എ സ്ഥാനം ഒഴികെ മറ്റെല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയാനുള്ള നിര്‍ദേശം കമറുദ്ദീന് നല്‍കാനാണ് സാധ്യത. കമറുദ്ദീനും ഇതിന് സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.
തകര്‍ച്ചയിലായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാനായ കമറുദ്ദീന്റെയും എംഡിയും മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങളുടെയും വീടുകളില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
പടന്നയ്ക്കു സമീപം എടച്ചാക്കൈയിലെ എംഎല്‍എയുടെ കുടുംബവീട്ടില്‍ നിന്ന് ജ്വല്ലറി ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളൊന്നും കണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന.
അതേസമയം പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടില്‍ നിന്നും നിക്ഷേപകരുമായി പണമിടപാടുകള്‍ നടത്തിയതിന്റെ നിര്‍ണായക രേഖകള്‍ ലഭിച്ചു. ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഫയലുകള്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കലിന് കൈമാറി.ജ്വല്ലറി ഗ്രൂപ്പിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച കാര്യത്തിലുള്‍പ്പെടെ ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടന്നിരുന്നതായി വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തേക്കും.
നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കാത്തതുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ നല്കിയ വഞ്ചനാ കേസുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിക്ഷേപങ്ങള്‍ സ്വീകരിച്ചതുതന്നെ അനധികൃതമായിട്ടാണെന്നു വന്നാല്‍ കേസുകളുടെ സ്വഭാവം കൂടുതല്‍ ഗുരുതരമാകും. നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനും കമറുദ്ദീനും നിക്ഷേപകരും ഒരുപോലെ നിര്‍ബന്ധിതരാകും.
വിഷയത്തില്‍ കമറുദ്ദീനെയോ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡയരക്ടര്മാരെയോ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ കേസിന്റെ ഗൗരവം വര്‍ധിക്കുകയും രാഷ്ട്രീയസമ്മര്ദമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനും സാധ്യതയുണ്ടെന്നുതന്നെയാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ടുകൂടിയാണ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കം.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയുണ്ടെങ്കിലും ജില്ലാ ലീഗ് നേതൃത്വത്തിലെ ശക്തമായ ഒരു വിഭാഗത്തിന് കാലങ്ങളായി അനഭിമതനാണ് കമറുദ്ദീന്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി തന്നെ ഇതിന്റെ ഫലമായിരുന്നു.
വിവാദങ്ങളില്‍പ്പെട്ട് കമറുദ്ദീന് നിശ്ശബ്ദനാകുമ്പോള്‍ അതിന്റെ ഫലം കിട്ടുന്നതും മറുവിഭാഗത്തിനായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുനിന്ന് വീണ്ടും മത്സരിക്കാനുള്ള കമറുദ്ദീന്റെ സാധ്യതകള്‍ക്കും ഇതോടെ മങ്ങലേല്‍ക്കുകയാണ്.