സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രെയിനിന്റെ പേരുതന്നെ നൽകി, “കാമായനി’.
മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മധ്യപ്രദേശിലെ സത്നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.