പമ്പാനദിയിലും നദീതടത്തിലെ ജല സ്രോതസുകളിലും “കബംബ’ എന്ന അധിനിവേശ സസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടു. 2013-14 വര്‍ഷങ്ങളിലാണ് ആദ്യമായി കബംബയെന്ന സസ്യത്തെ പമ്പാ തടത്തില്‍ കാണപ്പെട്ടത്. സസ്യം വീണ്ടും പ്രത്യക്ഷമായതോടെ ജലാശയങ്ങളിലുണ്ടായിരുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമായിരിക്കുകയാണ്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രത്യേകം താത്പര്യമെടുത്ത് പുനർജീവിപ്പിച്ച വരാച്ചാലിലും കബംബ സസ്യം നിറഞ്ഞിരിക്കുകയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെയും ഇടപെടലിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രമേ കബംബ പോലുള്ള വിഷാംശമുള്ള അധിനിവേശ സസ്യത്തെ പൂർണമായും ജലസ്രോതസുകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍. കെ. സുകുമാരന്‍ നായര്‍ പറഞ്ഞു.
അക്വേറിയം സസ്യമായ കബംബ തെക്കേഅമേരിക്കയിലാണ് ഏറെ കാണപ്പെട്ടിരുന്നത്. കബംബ ജലസ്രോതസുകള്‍ മൂടപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജലത്തിലെ ഓക്സിജന്‍ വലിച്ചെടുക്കുന്നതുമൂലം ജലത്തിലെ മറ്റു ജീവികള്‍ ഇല്ലാതാകും. ഇതിനോടൊപ്പം തന്നെ സസ്യത്തിലുള്ള വിഷാംശം ജലത്തില്‍ പടരുകയും ചെയ്യും. ജലാശയങ്ങളുടെ ഉപരിതലത്തില്‍ കബംബ മൂടപ്പെട്ട് കിടക്കുന്നതിനാല്‍ സൂര്യ പ്രകാശം നേരിട്ട് ലഭിക്കാത്തതുകൊണ്ട് ജലത്തിന്റെ ഗുണമേന്മയും കുറയും.
രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ കഴിയുമെങ്കിലും നീരൊഴുക്കുള്ള ജലാശയങ്ങളില്‍ രാസപദാർഥങ്ങള്‍ പ്രയോഗിച്ചാല്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകും. ജല സ്രോതസുകള്‍ പരിപാലിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഉണ്ടാവേണ്ടത്. ഇത്തരം സംവിധാനങ്ങള്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിച്ച് ജലാശയങ്ങളില്‍ മൂടപ്പെട്ടിരിക്കുന്ന കബംബയെ പറിച്ചുകളയുന്നതായിരിക്കും ഏറ്റവും അഭികാമ്യമെന്നും ഇത് കുറച്ചുവര്ഷത്തോളം തുടര്‍ പ്രക്രിയായി തുടര്‍ന്നാല്‍ പൂര്‍ണമായും ഇവയെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പമ്പാ പരിരക്ഷണ സമിതിയുടെ കീഴിലുള്ള പമ്പാ പഠന കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പുനര്‍ജ്ജീവിപ്പിച്ച വരാച്ചാല്‍ ജലസ്രോതസില്‍ കാണപ്പെട്ട കബംബ അധിനിവേശ സസ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ എന്തു മാര്‍ഗമാണ് അവലംബിക്കേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുമായും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുമായും ചര്‍ച്ച നടത്തുമെന്നും വരാച്ചാലിനെ ഒരു മാതൃക തണ്ണീര്‍ തടമായി പരിപാലിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.