അടിമാലി: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തി.
വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി കൊരങ്ങാട്ടയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കുമുണ്ട്.
2018 ജൂലായ് 29ന് രാത്രിയാലായിരുന്നു അനീഷും കൂട്ടുപ്രതി ലിബീഷും ചേർന്ന് നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണനില്‍ നിന്ന് മാന്ത്രികസിദ്ധിയും ശക്തിയും കൈവശപ്പെടുത്തുന്നതിനും, സ്വര്‍ണം തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ആരെയും ഞെട്ടിപ്പിക്കുന്നതരത്തിൽ അതിക്രൂരമായായിരുന്നു കൊലപാതകം. മദ്യലഹരിയിലായിരുന്ന പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി ഒന്നോടെയാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തുന്നത്.
വീട്ടിലെത്തിയ ഇവര്‍ ആദ്യം വൈദ്യുതി വിഛേദിച്ചു. പിന്നീട് വീട്ടുവളപ്പിലുണ്ടായിരുന്ന ആടിനെ ഉപദ്രവിച്ചു.
ആട് കരയുന്ന ശബ്ദംകേട്ട് കൃഷ്ണന് വീടിന് പുറത്തിറങ്ങി. ഈ സമയം അടുക്കളവാതിലിന് സമീപം പതുങ്ങിനിന്നിരുന്ന ഇരുവരും ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ പൈപ്പ് ഉപയോഗിച്ച് കൃഷ്ണനെ അടിച്ചുവീഴ്ത്തി.
കൃഷ്ണനു പിന്നാലെ എത്തിയ ഭാര്യ സുശീലയെയും തലയ്ക്കടിച്ചു. സുശീല ആക്രമണം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അടിച്ചുവീഴ്ത്തി.
ഇതിനിടെയാണ് മകള്‍ ആര്‍ഷ അക്രമികളെ കമ്പിവടിയുമായി നേരിട്ടത്.
അനീഷിനെ കമ്പിവടി കൊണ്ട് അടിച്ചെങ്കിലും ഇയാള്‍ ആര്‍ഷയെ വായപൊത്തി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.
ഇതിനിടെ ആര്‍ഷയുടെ കടിയേറ്റ് അനീഷിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പക്ഷേ, ആര്‍ഷയ്ക്ക് അധികനേരം ഇരുവരെയും ചെറുത്തുനില്‍ക്കാനായില്ല.
അടുക്കള ഭാഗത്തേക്ക് ഓടിയ ആര്‍ഷയെ രണ്ടുപേരും ചേര്‍ന്ന് അടിച്ചുവീഴ്ത്തി.
ശബ്ദം കേട്ടെത്തിയ അര്‍ജുനെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ചുറ്റിക കൊണ്ട് അടിച്ച് മരണം ഉറപ്പുവരുത്തി.
നാലുപേരും മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇരുവരും സ്വര്‍ണവും പണവും കൈക്കലാക്കി വീട്ടില്‍ നിന്ന് മടങ്ങിയത്.
കൊലപാതകം നടത്തിയതിന്റെ പിറ്റേദിവസമാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത്.