ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്തു നാലു പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസില്‍ വഴിത്തിരിവായേക്കാവുന്ന 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. രണ്ടു പേരുടേതാണ് ഈ വിരലടയാളങ്ങളാണ് പരിശോധനയില്‍ കണ്ടെത്തി.
ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ, കൊലനടന്ന വീട്ടില്‍നിന്ന് ഒട്ടേറെ ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇവ മൃഗബലിക്ക് ഉപയോഗിച്ചതായിരുന്നുവെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൃഷ്ണനുമായി ഏറ്റവുമധികം പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്നു വ്യക്തമായിട്ടുണ്ട്. കൃഷ്ണനുമായി മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകളും വസ്തു, പണ ഇടപാടുകളും നടത്തിയിരുന്നതായും വിവരം ലഭിച്ചു. ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പേരെ പോലീസ് ഇതിനോടകം ചോദ്യംചെയ്യുകയും ചെയ്തു. ജില്ലാ പോലീസ് ചീഫ് കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പോലീസ് കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തത്.
കൃഷ്ണനു പുറമെ ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീടിനു സമീപത്തെ കുഴിയില്‍നിന്നു കണ്ടെത്തിയത്. കൊല്ലപ്പെട്ട കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന 15 പേരുടെ പട്ടിക പോലീസ് തയാറാക്കിയിരുന്നു. ബന്ധുക്കളും നാട്ടുകാരുമടങ്ങിയവരുടെ പട്ടികയാണ് പോലീസ് തയാറാക്കിയത്.
ഇതിനിടെ, കൃഷ്ണന്റെ സന്തത സഹചാരിയായി താടി വച്ച ഒരാള്‍ പതിവായി ബൈക്കില്‍ ഇവരുടെ വീട്ടില്‍ എത്താറുണ്ടെന്നു സഹോദരന് വെളിപ്പെടുത്തി. എന്നാല്‍, സംഭവത്തിനു ശേഷം ഇയാളെ കണ്ടിട്ടില്ലെന്നും കൂടുതല്‍ ഒന്നുമറിയില്ലെന്നുമാണു സഹോദരന് പോലീസിനോടു പറഞ്ഞത്. കൂടാതെ മന്ത്രവാദത്തിനും മറ്റുമായി ആഡംബര കാറുകളിലും മറ്റും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൃഷ്ണനെ കാണാനെത്തിയിരുന്നതായും ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.
കൊലപാതകം മോഷണം മുന്നില്ക്കണ്ടല്ലെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയല്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലും പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍, ഇവര്‍ക്കുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലയ്ക്കു പിന്നില്‍ കൃഷ്ണനെയും കുടുംബത്തെയും അടുത്തറിയാവുന്നവരാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മോഷണം ലക്ഷ്യമിട്ടെത്തുന്നവര്‍ നാലു പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ കുഴിയെടുത്ത് മൂടാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളഞ്ഞു.
കൊല നടന്ന സ്ഥലത്തിനു സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ ഫോണ്‍ കോളുകളുടെയും വിശദമായ പരിശോധന പോലീസ് നടത്തി വരികയാണ്. സ്പെക്ട്രം സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനിടെ കൃഷ്ണനും കുടുംബത്തിനും പരിസരവാസികളുമായും ബന്ധുക്കളുമായും കാര്യമായ അടുപ്പമില്ലാതിരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്.