ഉത്തരകേരളത്തിന്റെ കിഴക്കൻ മലയോരത്തെ സാഹസിക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനത്തുള്ള പൈതൽ മലയ്ക്കും കാഞ്ഞിരക്കൊല്ലിക്കും പാലക്കയംതട്ടിനുമൊപ്പം കന്പംമേടും ഇടംപിടിക്കുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായ പ്രകൃതിഭംഗികളുടെ വിദൂര കാഴ്ചകളുള്ള കന്പംമേട് ഇതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇവിടേക്ക് സുഗമമായ റോഡുകളോ വാഹന -യാത്രാ സൗകര്യമോ ഇല്ലാത്തതാണ് സഞ്ചാരികളുടെ അഭാവത്തിനു കാരണം.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽനിന്ന് ചിറ്റാരി വഴി 11 കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാൽ കന്പംമേടിലെത്താം. പയ്യാവൂരിലെ ശിവക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുന്പേ പ്രസിദ്ധമായിരുന്ന ഊട്ടുത്സവത്തിൽ പങ്കെടുക്കാൻ ഇന്നും കാളപ്പുറത്ത് അരിയുമായി കർണാടകയിലെ കുടകിൽനിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നത് ഇതുവഴി കാൽനടയായി സഞ്ചരിച്ചാണ്.
കർണാടക വനാതിർത്തിയുടെ ഭാഗമായ കന്പംമേട് പച്ചപുതച്ച കാടുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ ദർശന ചാരുതയാൽ സന്പന്നമാണ്. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർ വീണ്ടും ഇവിടെയെത്താൻ കൊതിക്കും. ഇവിടെ കാട്ടിലൂടെയുള്ള യാത്രയ്ക്ക് ആദിവാസികളുടെയോ തദ്ദേശീയരായ കുടകരുടെയോ സഹായം ആവശ്യമാണ്.
കുടകിലെ വീരാജ്പേട്ടയിൽനിന്ന് തലക്കാവേരിയിലേക്കുള്ള റോഡിലെ ചിയണ്ടനെ എന്ന സ്ഥലത്തുനിന്നും എട്ടുകിലോമീറ്റർ യാത്ര ചെയ്താലും കന്പംമേടിലെത്താം. ഇതിൽ അഞ്ചുകിലോമീറ്റർ വരെ മിനി ബസിനു കടന്നുപോകാവുന്ന റോഡുമുണ്ട്. പിന്നീട് മൂന്നു കിലോമീറ്റർ ദൂരം തദ്ദേശീയരുടെ പിക്കപ്പ് വാഹനങ്ങളും ലഭ്യമാണ്. ഇതുവഴി യാത്രചെയ്യുന്പോൾ കാണപ്പെടുന്ന ചേലവര വെള്ളച്ചാട്ടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
കന്പംമേടിലേക്കുള്ള യാത്രയിൽ ഇരുഭാഗത്തുമായി കാണപ്പെടുന്ന മലനിരകൾ അവാച്യമായ അനുഭൂതി സമ്മാനിക്കുന്നവയാണ്. കായികശക്തിയും സാഹസിക മനോഭാവവുമുള്ളവർക്ക് പടിഞ്ഞാറുഭാഗത്തെ മലയിലൂടെ നടന്നുകയറി മുകളിലെത്താം. കൊടൈക്കനാലിലെ പില്ലർ റോക്കിനെ വെല്ലുന്ന പാറക്കെട്ടുകളും മറ്റു വിസ്മയക്കാഴ്ചകളുമായി കന്പംമേട് ഉയർന്നു നിൽക്കുകയാണ്.
തയാറാക്കിയത്:
ബേബി സെബാസ്റ്റ്യൻ