കന്പംമെട്ട്: കേരളം ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാവിപത്തിനെതിരേ പൊരുതുന്പോൾ അതിർത്തി മേഖലയിലെ കന്പംമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ കാടും മലയും കയറിയിറങ്ങി തൊഴിലാളി വീടുകളിൽ സഹായമെത്തിക്കുകയാണ്. കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവർക്ക് കരുതലാവുകയാണിവർ.
അപ്രതീക്ഷിതമായി വീടുകളിലെത്തിയ പോലീസിനെകണ്ട് വീട്ടുകാർ ആദ്യം ആകുലരായെങ്കിലും പോലീസുകാരുടെ വിശദീകരണം കേട്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
ദിവസവും പണിക്കുപോയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയില്ലെന്ന് ഉറപ്പുള്ളവർക്ക് എങ്ങനെ ലോക്ക് ഡൗണിൽ വീട്ടിലിരിക്കാനാകും. ഇത് മനസിലാക്കിയാണ് നിയമപാലകർ മറ്റൊരു രീതിയിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
’പണിക്കു പോകുന്നുണ്ടന്നൊക്കെ ഞങ്ങൾക്കറിയാം. പക്ഷെ നാളെമുതൽ പോകേണ്ട. ഞങ്ങളുണ്ട്, സർക്കാരുണ്ട് നിങ്ങൾക്കൊപ്പം. എന്താവശ്യമുണ്ടേലും വിളിക്കൂ. ഈ ഫോണ് നന്പർ കുറിച്ചുവയ്ക്കൂ. വിളിപ്പുറത്തുണ്ട് ഞങ്ങൾ. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എല്ലാ സഹായവും വീട്ടിലെത്തിച്ചു നൽകും’.
കന്പംമെട്ട് പോലീസിന്റെ ഈ വാക്കുകൾ പാവങ്ങൾക്ക് നല്കുന്ന കരുത്ത് വളരെ വലുതാണ്. ഇത്തരത്തിൽ അവശ്യസാധനങ്ങൾ ആവശ്യപ്പെടുന്നവർക്ക് വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സാധനങ്ങൾ ലഭ്യമാക്കി വീടുകളിൽ എത്തിച്ചു നല്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കന്പംമെട്ട് സിഐ ജി. സുനിൽകുമാർ പറയുന്നു.