കൊട്ടാരക്കര: മദ്യവിൽപനശാലയുടെ പ്രവേശന കവാടം കൊട്ടാരക്കര സ്വകാര്യബസ് സ്റ്റാന്റ് വഴിയാക്കിയ ബിവറേജസ് കോർപ്പറേഷൻ, ഇപ്പോൾ മദ്യപൻമാരുടെ സുരക്ഷക്കായി സ്റ്റാന്റിനുള്ളിൽ കമ്പിവേലിയും നിർമിച്ചു.നഗരസഭയുടെ ഒത്താശയോടെയാണ് ഈ നടപടിയെന്ന് പരക്കെ ആക്ഷേപമുണ്ട്.
ജനനിബിഡമായ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാന്റിനും സ്വകാര്യ ബസ് സ്റ്റാന്റിനും ഇടയിൽ മദ്യവിൽപനശാല ആരംഭിച്ചതും ഇവിടേക്കുള്ള പ്രവേശന കവാടം സ്വകാര്യ ബസ് സ്റ്റാന്റ് വഴിയാക്കിയതും ദീപിക നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടു ദിവസം മുൻപാണ് മദ്യപൻമാർക്ക് സുരക്ഷിതമായി വരി നിൽക്കാൻ സ്റ്റാന്റിനുള്ളിൽ കമ്പിവേലി നിർമിച്ചത്.
മദ്യവിൽപനശാല സ്റ്റാന്റുകൾക്കു സമീപം ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. മഹിളാ കോൺഗ്രസും ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രത്യക്ഷ സമരം നടത്തുകയുണ്ടായി. ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തഹസീൽദാർ നൽകിയ റിപ്പോർട്ട് മദ്യശാല നടത്തിപ്പിന് അനുകൂലമായതിനാലാണ് ഇപ്പോഴും ഇവിടെ തന്നെ പ്രവർത്തിക്കാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ നടപടിക്രമങ്ങൾക്കു ശേഷമാണ് പ്രവേശന കവാടം സ്വകാര്യ ബസ് സ്റ്റാന്റ് വഴിയാക്കിയതും ഇപ്പോൾ സ്റ്റാന്റിനുള്ളിൽ കമ്പിവേലി നിർമിച്ചതും.സ്ത്രീകളും വിദ്യാർഥികളും തിങ്ങി നിറയുന്ന സ്വകാര്യ ബസ് സ്റ്റാന്റിൽ മദ്യപൻമാരുടെ അഴിഞ്ഞാട്ടവും അസഭ്യം വിളികളും പതിവാണ്. മദ്യം വാങ്ങി മദ്യശാലയുടെ പരിസരങ്ങളിലും ബസുകളുടെ മറവിലും മദ്യപാനം നടന്നു വരുന്നു. ഇതിനു ശേഷമാണ് അസഭ്യം വിളികളും സംഘർഷങ്ങളും അരങ്ങേറുന്നത്.
കൂടാതെ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ സ്റ്റാന്റിനുള്ളിൽ തലങ്ങും വിലങ്ങും ഓടുന്നതും പാർക്കു ചെയ്യുന്നതും പതിവാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ബസുടമകൾ നഗരസഭാ സെക്രട്ടറിക്കു പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ബസ് സ്റ്റാന്റിനുള്ളിൽ തന്നെ മദ്യപർക്ക് സൗകര്യമൊരുക്കുന്ന മറ്റൊരു സ്ഥലവും കേരളത്തിലുണ്ടാകില്ലെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.