കൂടെയിരുന്ന് കാപ്പികുടിക്കാൻ ആരും കൂട്ടില്ലാത്തവർക്ക് തികച്ചും വ്യത്യസ്തരായ ചില കൂട്ടുകാരെ നൽകുകയാണ് കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലുള്ള ഒരു കഫേ. ഇവിടെയെത്തുന്നവർക്ക് ഭക്ഷണ മെനുവിന് പകരം കുറെ ഇഴജന്തുക്കളുടെ പേരെഴുതിയ ഒരു ലിസ്റ്റ് നൽകും. ഈ ലിസ്റ്റിൽനിന്ന് ആരുടെകൂടെയിരുന്ന് കാപ്പി കുടിക്കണം എന്നു കാപ്പികുടിക്കാൻ വരുന്നവർക്ക് തീരുമാനിക്കാം.
കുടിക്കാൻ കാപ്പി മാത്രമേ കിട്ടുള്ളുവെങ്കിലും കൂടെ ഇരിക്കാൻ കുറെ അധികം ജീവികളെ ഇവിടെ കിട്ടും. പെരുന്പാന്പ് അടക്കമുള്ള വിവിധ ഇനം പാന്പുകൾ, ഓന്ത്, ഉടുന്പ്, ആമ, തേൾ, പല്ലി ഇങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്.
കംബോഡിയൻ നഗരങ്ങൾ പ്രശസ്തമായ പൂച്ച കഫേകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചീ റാറ്റി എന്ന വ്യവസായി ഒരു ഉരഗ കഫേ ഇവിടെ തുറന്നത്. ഇത്തരത്തിലുള്ള ലോകത്തിലെതന്നെ ആദ്യത്തെ സംരംഭമാണിത്. കഫേയ്ക്ക് മികച്ച പ്രതികരണമാണ് ആളുകളുടെ ഇടയിൽനിന്ന് ലഭിക്കുന്നതെന്ന് ചീ പറയുന്നു.
ഉരഗങ്ങളോടുള്ള പേടിയുമായി ഇവിടെ എത്തുന്നവർ അവയെ സ്നേഹിക്കാൻ പഠിച്ചാണ് മടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു.ചെറുപ്പം മുതൽ ഉരഗങ്ങളെ വളരെ ഇഷ്ടമുള്ള ആളായിരുന്നു ചീ. വീട്ടിൽ നിരവധി പാന്പുകളെ ഇദ്ദേഹം വളർത്തിയിരുന്നു. തന്റെ കഫേയുടെ ചുവരുകളിൽ പ്രത്യേക ചില്ലുകൂടുകൾ തയാറാക്കി അവിടെയാണ് ഇപ്പോൾ ഈ പാന്പുകളെ താമസിപ്പിച്ചിരിക്കുന്നത്.
കഫേയിൽ കാപ്പികുടിക്കാനെത്തുന്നവർക്ക് ഇത് വ്യത്യസ്തമായൊരു കാഴ്ചയാണ്. ആർക്കും ഈ കഫേയിൽ കയറി ജീവികളെ കാണാം. അതിന് പ്രത്യേകം പണമൊന്നും നൽകേണ്ടതില്ല. എന്നാൽ അവയ്ക്കൊപ്പം ചിത്രങ്ങളെടുക്കണമെങ്കിലും സമയം ചെലവഴിക്കണമെങ്കിലും കഫേയിൽനിന്ന് കാപ്പി വാങ്ങണം. കഫേയിലെ മിക്ക ജീവികളെയും തായ്ലൻഡിൽനിന്ന് കൊണ്ടുവന്നതാണ്. ഇവയൊന്നും മനുഷ്യരെ ഉപദ്രവിക്കില്ലെന്നാണ് ചീ പറയുന്നത്.