കോഴിക്കോട്: തൊഴില്‍ത്തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ ഏഴുമലയാളികള്‍ ഇന്നു വീട്ടിലെത്തും. വടകര മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല്‍ അശ്വന്ത്, മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, ബംഗളൂരുവിലെ റോഷന് ആന്റണി എന്നിവരാണ് നാട്ടിലേക്കു തിരിച്ചത്. ഇന്നലെ രാത്രി വൈകി മലേഷ്യയില്‍ നിന്നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നു.
ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ കംബോഡിയയില്‍ തട്ടിപ്പുസംഘത്തിന്റെ കൈയില്‍ അകപ്പെട്ടത്. അവരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. തുടന്നാണ് നാട്ടില്‍ വിവരമറിഞ്ഞത്.
ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ എന്നിവര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെയും കേ ന്ദ്രസര്ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ വേണ്ട ഇടപെടലുകള്‍ നടത്തി.
ഷാഫി പറമ്പില്‍ എംപിയും എംബസിയുമായി ബന്ധപ്പെട്ടു. രണ്ടുപേരുടെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ വിമാനത്താവളത്തില്‍ പിഴസംഖ്യ അടയ്ക്കാനുള്ള സഹായവും എംപിയാണ് ചെയ്തത്.