മുംബൈ: മൂന്നു ദിവസത്തെ തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ഇന്ത്യൻ കമ്പോളങ്ങളിൽ തളർച്ച. മാസാവസാനമായതിനാൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതാണ് തളർച്ചയ്ക്കു കാരണം. സെൻസെക്സ് 300 പോയിന്റിലേറെ താഴ്ന്നശേഷം 247.68 പോയിന്റ് നഷ്ടത്തിൽ 39,502.05ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 67.65 പോയിന്റ് താഴ്ന്ന് 11,861.10ൽ ക്ലോസ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ മൂന്നു വ്യാപാരദിനങ്ങളിൽ ഇന്ത്യൻ കമ്പോളങ്ങൾ റിക്കാൻഡ് മുന്നേറ്റത്തിലായിരുന്നു. ഇന്നലെ നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതോടെ ബാങ്കിംഗ്, മെറ്റൽ, ഓട്ടോ ഓഹരികൾക്കാണ് ഏറെ തളർച്ചയുണ്ടായത്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ പത്തു വർഷത്തെ ബോണ്ട് വരുമാനം രണ്ടാഴ്ച മുന്‍പത്തെ 7.4 ശതമാനത്തിൽനിന്ന് 7.1 ശതമാനമായത് നിക്ഷേപകരെ വില്പനക്കാരാക്കി. അടുത്ത മാസം ആദ്യം ആർബിഐ പലിശനിരക്കിൽ മാറ്റംവരുത്തുമെന്ന തീരുമാനവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടാകാത്തതും കന്പോളങ്ങളെ സ്വാധീനിച്ചു.
അതേസമയം, ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപ വീണ്ടും തളർന്നു. ഡോളർ 18 പൈസ മെച്ചപ്പെടുത്തി 69.87 രൂപയായി. വ്യാപാരയുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ്വില താഴ്ന്നു. ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 2.16 ശതമാനം താഴ്ന്ന് 67.19 ഡോളറായി.